ന്യൂഡല്‍ഹി: മധ്യപ്രദേശിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെ ബജ്റംഗ്ദള്‍, വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ ആക്രമണം. വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് സ്‌കൂള്‍ ആക്രമിച്ചത്. സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടക്കുകയായിരുന്ന സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ 300 ഓളം പേര്‍ സ്‌കൂളിലേക്ക് അതിക്രമിച്ചു കടന്ന് ആക്രമണം അഴിച്ചു വിടുകയായിരുന്നു. കമ്പി വടികളും കല്ലുകളുമായി 'ജയ് ശ്രീറാം' വിളിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് മാനേജര്‍ ഫാദര്‍ ആന്റണി വ്യക്തമാക്കി.
പൊലീസിനെ വിളിച്ച് സംരക്ഷണം ആവശ്യപ്പെട്ടപ്പോള്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യവും വിളിച്ചു സമാധാനപരമായി പിരിഞ്ഞു പോകുമെന്നാണ് പൊലീസ് പറഞ്ഞതെന്നും ആക്രമികള്‍ പോയ ശേഷമാണ് പൊലീസ് സ്ഥലത്ത് എത്തിയതെന്നും ഫാ. ആന്റണി ആരോപിച്ചു. സംഭവത്തില്‍ ആദ്യം സംരക്ഷണം നല്‍കിയില്ലെങ്കിലും ആക്രമണത്തിനു ശേഷം ഉടന്‍ തന്നെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറയുന്നു.
മാരകായുധങ്ങളുമായി കലാപമുണ്ടാക്കല്‍, നാശനഷ്ടം വരുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദിഷ എസ്പിയും ജില്ലാ മജിസ്ട്രേറ്റും സ്‌കൂളില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.
അതേസമയം മതപരിവര്‍ത്തനം നടത്തിയെന്നാരോപണം മാനേജര്‍ ഫാ. ആന്റണി നിഷേധിച്ചു. മതപരിവര്‍ത്തനം നടത്തിയതായി പറയപ്പെടുന്ന ആരും സ്‌കൂളിലെ വിദ്യാര്‍ഥികളല്ല. സ്‌കൂളിന്റെ പേരില്‍ പ്രചരിച്ച കത്ത് വ്യാജമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ മതം മാറ്റുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കടന്നാണ് ആക്രമണം നടത്തിയത്. കല്ലേറില്‍ സ്‌കൂള്‍ ജനാലച്ചില്ലുകളും വാഹനങ്ങളും തകര്‍ത്തു.
സിറോ മലബാര്‍ സഭയുടെ സാഗര്‍ രൂപതയുടെ കീഴില്‍ മലബാര്‍ മിഷനറി ബ്രദേഴ്‌സാണ് സെന്റ് ജോസഫ് സ്‌കൂള്‍ നടത്തുന്നത്. ഇവിടെ നിന്നു രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച് ബസോഡ സെന്റ് ജോസഫ് പള്ളിയില്‍ ഒക്ടോബര്‍ 31നു കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം നടന്നിരുന്നു. ഇതിന്റെ ചിത്രം രൂപതയുടെ മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം ഉപയോഗിച്ച് വിദ്യാര്‍ഥികളെ മതം മാറ്റുന്നുവെന്ന തരത്തില്‍ ഒരു പ്രാദേശിക യുട്യൂബ് ചാനലില്‍ വാര്‍ത്ത വന്നതായി സാഗര്‍ രൂപതാധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നായിരുന്നു ബജ്‌റംഗ്ദള്‍ സംഘത്തിന്റെ ആക്രമണം.
കൂടാതെ സ്‌കൂളിനു സമീപമുള്ള എസ്എച്ച് സന്യാസ സമൂഹത്തിന്റെ ഭാരത് മാതാ സ്‌കൂളിനു മുന്നിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. വൈകിട്ട് സ്‌കൂള്‍ സന്ദര്‍ശിച്ച കളക്ടറും എസ്പിയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
ഭോപ്പാല്‍ കേന്ദ്രികരിച്ചുള്ള മലബാര്‍ മിഷനറി സൊസൈറ്റി ഓഫ് അസിസി പ്രൊവിന്‍സിന് കീഴില്‍ 11 വര്‍ഷം മുന്‍പാണ് സെന്റ് ജോസഫ് സ്‌കൂള്‍ സ്ഥാപിച്ചത്. ഏകദേശം 1500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ കൂടുതല്‍ കുട്ടികളും സാധാരണ കുടുംബത്തില്‍ നിന്നുള്ള ഹിന്ദുക്കളാണ്.
വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ആക്രമണത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ചില പ്രത്യേക അജണ്ഡയോടെ അഴിച്ചു വിടുന്ന അക്രമ സംഭവങ്ങളാണിതെന്നാണ് വിലയിരുത്തല്‍. സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.