മുഖ്യമന്ത്രി നേരിട്ട് ഭരിച്ചിട്ടും പൊലീസ് സര്‍ക്കാരിനെ നാണം കെടുത്തുന്നു; സിപിഎം ഏരിയ സമ്മേളനത്തില്‍ പിണറായിക്ക് വിമര്‍ശനം

മുഖ്യമന്ത്രി നേരിട്ട് ഭരിച്ചിട്ടും പൊലീസ് സര്‍ക്കാരിനെ നാണം കെടുത്തുന്നു;  സിപിഎം ഏരിയ സമ്മേളനത്തില്‍ പിണറായിക്ക് വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ട് ഭരിച്ചിട്ടും ആഭ്യന്തര വകുപ്പില്‍ നിന്നും നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുന്ന പ്രവര്‍ത്തനങ്ങളാണുണ്ടാകുന്നതെന്ന് പാര്‍ട്ടിയ്‌ക്കുള്ളില്‍ വിമര്‍ശനം. സിപിഎം തിരുവനന്തപുരം ഏരിയ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുയര്‍ന്നത്.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി ജില്ലാനേതൃത്വം പറഞ്ഞത്. തൈക്കാട് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികളാണ് പിണറായിക്കെതിരെയും ഓഫീസിനെതിരെയും വിമര്‍ശനം ഉയര്‍ത്തിയത്. മന്ത്രിമാരുടെ ഓഫീസില്‍ കൊണ്ടുവന്ന മാനദണ്ഡം മുഖ്യമന്ത്രി പാലിച്ചില്ലെന്നും ആരോപണ വിധേയരെ ഇത്തവണയും നിലനിറുത്തിയതെന്തിനാണെന്നും സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നു.

ആറ്റിങ്ങലിലെ പിങ്ക് പൊലീസ് എട്ടു വയസുകാരിയെയും അച്‌ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തട്ടിപ്പ് വീരനായ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരും പങ്കുചേര്‍ന്നതും പൊലീസ് സേനയ്‌ക്ക് വലിയ കളങ്കം സൃഷ്‌ടിച്ചിരിക്കുകയാണ്.

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ പൊലീസ് ഒത്തു കളിച്ചതും ആലുവയില്‍ ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് മൊഫിയ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ സി ഐയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകളും മലയിന്‍കീഴില്‍ പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനൊപ്പം ആറുവയസുകാരിയെയും അമ്മയെയും വീട്ടുകൊടുത്ത നടപടിയും പൊലീസിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഇതെല്ലാം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.