കൊല്ലം: സംസ്ഥാന മാസ്റ്റേഴ്‌സ് ഗെയിംസിന് ശനിയാഴ്ച മന്ത്രി ജെ.ചിഞ്ചുറാണി എത്തിയത് പതിവു വേഷത്തിലായിരുന്നില്ല. ട്രാക്ക് സ്യൂട്ടും ജഴ്‌സിയുമണിഞ്ഞ് നൂറുമീറ്റര്‍ ഓട്ടമത്സരത്തിനാണ് മന്ത്രിയെത്തിയത്. രാവിലെ 11-നായിരുന്നു 55 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള 100 മീറ്റര്‍ ഓട്ടമത്സരം.
കൊല്ലം ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തിലെ ട്രാക്കിനും മന്ത്രി അപരിചിതയല്ല. എസ്.എന്‍ വനിതാ കോളേജില്‍ അത് ലറ്റിക്‌സ് ചാമ്പ്യനായിരുന്നപ്പോള്‍ ഒരുപാട് ഓടിയതാണ് ഈ ട്രാക്കില്‍. മൂന്നരപ്പതിറ്റാണ്ടിന്റെ ഇടവേളയുടെ ഒരു സങ്കോചവുമില്ലാതെയായിരുന്നു മന്ത്രിയുടെ ഓട്ടം. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കൊല്ലത്തുകാരി ലേഖ ഒന്നാമതായും വയനാടുനിന്നുള്ള ദീപ രണ്ടാമതും മന്ത്രി മൂന്നാമതും ഫിനിഷ് ചെയ്തു.
മന്ത്രിയുടെ കായിക പാരമ്പര്യമറിയാത്ത പലരും മന്ത്രിയുടെ പ്രകടനം കണ്ട് ഞെട്ടി. ഫിനിഷിങ് ലൈന്‍ കടന്നതും ചിഞ്ചുവേയെന്നുവിളിച്ച് പഴയ കൂട്ടുകാര്‍ ഓടിയെത്തി. എല്ലാവര്‍ക്കും പറയാനുള്ളത് പഴയ കഥകള്‍. ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിന്റെ ഭാഗമായി നടത്തിയ ക്രോസ്‌കണ്‍ട്രി റെയ്‌സില്‍ കേരളത്തെ പ്രതിധാനം ചെയ്ത് ഒന്നാമതെത്തിയ വനിതാ എന്‍.സി.സി കാഡറ്റായിരുന്നു ചിഞ്ചുറാണി.
ദീര്‍ഘദൂര ഓട്ടമത്സരങ്ങളിലെ സ്ഥിരം വിജയിയായിരുന്നു മന്ത്രിയെന്ന് പഴയ കൂട്ടുകാരും സാക്ഷ്യപ്പെടുത്തി. സ്‌പൈക്കുണ്ടായിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനെയെന്ന് തോന്നുന്നതായി മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.