റഷ്യയില്‍ 'തിമിംഗല ജയില്‍' ഇനിയില്ല ; 'തടവുകാരെ' കടലിലേക്ക് തുറന്നു വിടുന്നു; തിമിംഗലങ്ങളെ പിടിക്കുന്നതും വിലക്കി പുടിന്‍

 റഷ്യയില്‍ 'തിമിംഗല ജയില്‍' ഇനിയില്ല ; 'തടവുകാരെ' കടലിലേക്ക് തുറന്നു വിടുന്നു; തിമിംഗലങ്ങളെ പിടിക്കുന്നതും വിലക്കി പുടിന്‍

മോസ്‌കോ: അക്വേറിയങ്ങളെന്ന പേരില്‍ റഷ്യയുടെ വിദൂര കിഴക്കന്‍ ഭാഗത്തു സ്ഥാപിച്ചിരുന്ന അനധികൃത 'തിമിംഗല ജയിലുകള്‍' ക്കെതിരെ ഉയര്‍ന്ന അന്താരാഷ്ട്ര പ്രതിഷേധത്തിനു വഴങ്ങി ഭരണകൂടം. അവയിലുണ്ടായിരുന്ന 'തടവുകാരെ' കടലിലേക്കു തുറന്നു വിടാന്‍ നടപടിയാരംഭിച്ചതിനു പിന്നാലെ അക്വേറിയങ്ങള്‍ക്കായെന്ന നാട്യത്തില്‍ തിമിംഗലങ്ങളെ പിടിക്കുന്നതു വിലക്കാനും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സമ്മതിച്ചു.

'വിനോദത്തിനായി കടല്‍ജീവികളെ പിടിക്കുന്നത് നിരോധിക്കണമെന്ന് നിങ്ങള്‍ നിര്‍ദ്ദേശിക്കുകയാണോ? അതെ, ഞാന്‍ സമ്മതിക്കുന്നു, നമുക്ക് അങ്ങനെ ചെയ്യാം,' പ്രസിഡന്‍ഷ്യല്‍ റൈറ്റ്‌സ് കൗണ്‍സിലുമായുള്ള യോഗത്തില്‍ പുടിന്‍ പ്രതികരിച്ചു. കടല്‍ജീവികളെ, പ്രത്യേകിച്ച് തിമിംഗലങ്ങളെ പിടിക്കാനനുവദിക്കുന്ന നിയമപരമായ പഴുതുകള്‍ അടയ്ക്കാനുള്ള നീക്കത്തെ റഷ്യയിലെ പരിസ്ഥിതി, മൃഗസ്‌നേഹികള്‍ സ്വാഗതം ചെയ്തു. 'കുട്ടികളോടും പ്രായമായവരോടും മൃഗങ്ങളോടും ഉള്ള മനോഭാവം ഒരു സമൂഹത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയുന്നു,'- പുടിന്‍ തന്നോട് യോജിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗ്രീന്‍പീസ് റഷ്യ ഡയറക്ടര്‍ സെര്‍ജി സിപ്ലിയോങ്കോവ് പറഞ്ഞു.

വിദൂര കിഴക്കന്‍ പട്ടണമായ നഖോദ്കയ്ക്ക് സമീപമുള്ള സ്രെഡ്നിയ ഉള്‍ക്കടലിലെ കുപ്രസിദ്ധമായ തിമിംഗല കേന്ദ്രം അടച്ചുപൂട്ടിക്കഴിഞ്ഞു. റഷ്യയിലെ ജയിലറകള്‍ക്കുള്ളില്‍ ജീവിതം തടവിലടയ്ക്കപ്പെട്ട നൂറോളം തിമിംഗലങ്ങളാണ് സ്വതന്ത്രരാകുന്നത്. ആഴക്കടലില്‍ സ്വതന്ത്രമായി നീന്തിക്കളിക്കേ്ണ്ട തിമിംഗലങ്ങളെ വര്‍ഷങ്ങളായി വിദൂര കിഴക്കന്‍ പട്ടണമായ നഖോദ്കയ്ക്ക് സമീപമുള്ള സ്രെഡ്നിയ ഉള്‍ക്കടലിലെ രഹസ്യ ജയിലില്‍ തടവിലാക്കിയിരിക്കുകയായിരുന്നു. 2018 നവംബര്‍ മാസത്തിലാണ് റഷ്യയുടെ സൈബീരിയന്‍ മേഖലയില്‍ ഇത്തരത്തില്‍ ഒരു ജയിലുണ്ട് എന്ന കാര്യം ലോകം അറിഞ്ഞത്.തടവിലാക്കപ്പെട്ടതില്‍ തിമിംഗല കുഞ്ഞുങ്ങളാണ് കൂടുതല്‍.

ഗ്രീന്‍പീസും ബ്രിട്ടനിലെ ഡോള്‍ഫിന്‍ ആന്‍ഡ് വേയ്ല്‍ കണ്‍സര്‍വേഷന്‍ എന്ന എന്‍ജിഒയും ചേര്‍ന്ന് ഡ്രോണ്‍ വിമാനത്തിന്റെ സഹായത്തോടെയാണ് തിമിംഗലങ്ങളെ കണ്ടെത്തിയത്. ആകാശത്തിലൂടെയുള്ള നിരീക്ഷണമായതിനാല്‍ തിമിംഗലങ്ങളുടെ യഥാര്‍ഥ എണ്ണം വ്യക്തമല്ല. ഏകദേശം 90 വലൂഗ തിമിംഗലങ്ങളും 11 ഓര്‍ക്ക അഥവാ കൊലയാളി തിമിംഗലങ്ങളുമാണ് ജയിലില്‍ ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. ചൈനയിലെ ഓഷ്യന്‍ തീം പാര്‍ക്കുകളിലേക്ക് നല്‍കാനാണ് തിമിംഗലങ്ങളെ പിടികൂടി തടവിലാക്കിയിരിക്കുന്നത് എന്ന് അവിടുത്തെ പ്രാദേശിക പത്രമായ നൊവായ ഗസറ്റെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

വന്‍ വില കൊടുത്താണ് ചൈന ഇവയെ വാങ്ങിയിരുന്നത്. ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറിനേക്കാള്‍ കൂടുതലാണ് ഒരു തിമിംഗലത്തിന് കിട്ടുന്നത്. തിമിംഗലങ്ങള്‍ കൂടുതലായി ലഭിക്കാന്‍ തുടങ്ങിയത് ചൈനയിലെ ഓഷ്യന്‍ തീം പാര്‍ക്കുകളിുടെ എണ്ണവും കൂടി. പലകൂടുകളിലായി തിരിച്ചാണ് തിമിംഗലങ്ങളെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. ഈ ജയിലിന്റെ പ്രവര്‍ത്തനം അനധികൃതമാണെന്ന് ഗ്രീന്‍പീസ് ഫൗണ്ടെഷന്‍ പറഞ്ഞു.


തിമിംഗലങ്ങളെ വാടകയ്ക്കു കൊടുക്കുന്നു എന്ന് പറഞ്ഞാണ് ചൈനയിലേക്കു കടത്തുന്നത്. ഇങ്ങനെ വാടകയ്ക്കു ജീവികളെ കടത്തുന്നതിന് റഷ്യന്‍ നിയമം ഇളവുകള്‍ നല്‍കുന്നുണ്ട. അത് ദുരുപയോഗം ചെയ്തുകൊണ്ട് 4 കമ്പനികളാണ് ഇത്തരത്തില്‍ തിമിംഗലങ്ങളെ ജയിലില്‍ പിടിച്ചിടുകയും പിന്നീട് ചൈനയിലേയ്ക്ക് കടത്തുകയും ചെയ്യുന്നത്. ഈകമ്പനികള്‍ക്കെതിരെ രാജ്യാന്തരത്തില്‍ വരെ നിരവധി കേസുകള്‍ ഉണ്ട്. നിയമപരമായാണ് തിമിംഗലങ്ങളെ ലഭിച്ചതെന്നാണ് ഇവരുടെ വാദം. ഒരു വര്‍ഷത്തില്‍ 13 തമിംഗലങ്ങളെ മാത്രമേ ഗവേഷണത്തിനും മറ്റുമായി പിടികൂടാന്‍ ലോക രാജ്യങ്ങള്‍ക്ക് അനുമതിയുള്ളൂ. ഈ നിര്‍ദ്ദേശം കാറ്റില്‍ പറത്തികൊണ്ടാണ് ഇത്രയും നാള്‍ ഇവയെ കച്ചവടത്തിനായി ജയിലില്‍ അടച്ചിട്ടത് .ഗ്രീന്‍പീസ് റഷ്യ ഡയറക്ടര്‍ സെര്‍ജി സിപ്ലിയോങ്കോവ് ഇക്കാര്യങ്ങള്‍ പുടിന്റെ ശ്രദ്ധയില്‍പ്പെടുത്തി്.

ലോകത്തിലെ ഏറ്റവും വലിയ ജീവികളാണ്് തിമിംഗലങ്ങള്‍. ഏറ്റവും കൂടുതല്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി വര്‍ഗവും ഇതു തന്നെയാണ്. കാണാനും ഏറെ മനോഹരമാണ്. തിമിംഗലങ്ങളെ ദ്രോഹിക്കുന്ന ജയിലിനെ കുറിച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും സമുദ്ര ഗവേഷകനുമായി ജീന്‍ മൈക്കിള്‍ കോസ്റ്റെ റഷ്യന്‍ പ്രസിഡന്റ് പുടിനെ അറിയിച്ചിരുന്നു. ഇത് പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ ലോക ജനതയുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അധികൃതരുടെയുമെല്ലാം ശ്രമ ഫലമായാണ് വര്‍ഷങ്ങളുടെ കാരാഗൃഹ വാസത്തിന് ശേഷം തിമിംഗലങ്ങള്‍ ആഴക്കടലില്‍ സ്വതന്ത്രരായി വിഹരിക്കാന്‍ പോകുന്നത്. വലിയ തിമിംഗലങ്ങളെ ഉടനെ തുറന്ന വിടും. തിമിംഗല കുഞ്ഞുങ്ങളെ പരിശീലനം നല്‍കിയതിന് ശേഷമേ റഷ്യയ്ക്കും ജപ്പാനും ഇടയിലുള്ള ഒഖോത്സ്‌ക് കടലിലേക്ക് സ്വതന്ത്രരാക്കൂ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.