താളം തെറ്റി മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം; ഒപികളില്‍ പകുതി ഡോക്ടര്‍മാര്‍ മാത്രം, ശസ്ത്രക്രിയകള്‍ മാറ്റി

 താളം തെറ്റി മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം; ഒപികളില്‍ പകുതി ഡോക്ടര്‍മാര്‍ മാത്രം, ശസ്ത്രക്രിയകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിയ സ്ഥിതിയാണ്. സമരം ശക്തമാക്കുന്നതിന് മുന്നോടിയായി പിജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്മാരും ഇന്ന് 24 മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌ക്കരണ സമരം നടത്തുകയാണ്. പിജി ഡോക്ടര്‍മാരുടെ സമരത്തിനിടെ ഹൗസ് സര്‍ജന്‍മാരെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

പിജി ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ച നടത്തുന്ന പ്രശ്‌നമേ ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ തന്നെയാണ് പിജി ഡോക്ടേഴ്‌സ് അസോസിയേഷന്റെ തീരുമാനവും. ഹൗസ് സര്‍ജന്‍മാര്‍ എമര്‍ജന്‍സി, കോവിഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും സമരത്തോടെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

പിജി സമരത്തെ തുടര്‍ന്ന് ജോലിഭാരം ഇരട്ടിച്ചതും, നേരത്തെയുണ്ടായിരുന്ന സ്‌റ്റൈപ്പന്‍ഡ് വര്‍ധന പുനസ്ഥാപിക്കാത്തതുമാണ് ഹൗസ് സര്‍ജന്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍. രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂര്‍ കോവിഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ഇവര്‍.

അതേസമയം, സര്‍ക്കാര്‍ നിയമിക്കുമെന്ന് പറഞ്ഞ നോണ്‍ അക്കാഡമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ക്കുള്ള അഭിമുഖം ഇന്ന് മെഡിക്കല്‍ കോളേജുകളില്‍ നടക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമാണെന്ന് സമരക്കാര്‍ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥിതി രൂക്ഷമാണ്. രോഗികളുടെ നീണ്ട നിരയാണ് പലയിടത്തും. മെഡിക്കല്‍ കോളേജ് ഒപികളില്‍ പകുതിയില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഒപികളില്‍ വന്‍ തിരക്ക് വന്നതോടെ ശസ്ത്രക്രിയകള്‍ പലതും മാറ്റിവച്ചു. രോഗികളെ പലരെയും ആശുപത്രി അധികൃതര്‍ തിരിച്ചയക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഒപിയില്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്ന് രോഗികളെ നോക്കുന്നത്. ഒപിയില്‍ എത്തിയ ചിലര്‍ ചികിത്സ കിട്ടാതെ തിരിച്ച് പോയി. എന്നിട്ടും മെഡിക്കല്‍ കോളേജ് ഒപിയില്‍ വന്‍ തിരക്കാണ്. നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പലതും മാറ്റേണ്ടി വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മെഡിക്കല്‍ കോളേജുകളില്‍ ഇത്രയും പ്രതിസന്ധിയുണ്ടായിട്ടും പ്രശ്‌നം പരിഹരിക്കാനുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെന്ന് കാട്ടിയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിക്കുന്നത്. സര്‍ക്കാരിന് ഇനി ഒന്നും ചെയ്യാനില്ലെന്നാണ് ഇതേക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം. ജനങ്ങള്‍ ദുരിതത്തിലാകാതിരിക്കാനാണ് ചരിത്രത്തിലാദ്യമായി എന്‍.എ.ജെ.ആര്‍.മാരെ നിയമിച്ചത്. മുമ്പും ഇപ്പോഴുമായി രണ്ട് തവണ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു.

കുഹാസിന്റെ റിസള്‍ട്ട് വേഗത്തിലാക്കി ഹൗസ് സര്‍ജന്‍മാരെ നിയമിച്ചു. സ്റ്റൈപെന്‍ഡ് ഉയര്‍ത്തുന്നതിന് ധനവകുപ്പിനോട് ആവശ്യപ്പെട്ടുണ്ടെന്നുമായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം. എന്നാല്‍ ഈ ഉറപ്പുകള്‍ തന്നെയാണ് കഴിഞ്ഞ കുറച്ചുകാലമായി സര്‍ക്കാര്‍ പറയുന്നതെന്നും വാക്കാലുളള ഉറപ്പുകളല്ലാതെ മറ്റൊന്നും നല്‍കുന്നില്ലെന്നും പിജി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.