കസ്തൂരി രംഗന്‍ വിജ്ഞാപനം; സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ പിന്‍വലിക്കണം: സീറോ മലബാര്‍ സഭ

കസ്തൂരി രംഗന്‍ വിജ്ഞാപനം; സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ പിന്‍വലിക്കണം: സീറോ മലബാര്‍ സഭ

കൊച്ചി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഎസ്എ മേഖല സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനത്തിനൊരുങ്ങുമ്പോള്‍ കേരളത്തിലെ ഇഎസ്എ മേഖല നിര്‍ണയിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളിലെ അവ്യക്തത ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും പിഴവ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സീറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍.

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം 2018 ഒക്ടോബര്‍ മൂന്നിന് പുറപ്പെടുവിച്ച ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനിലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ കേരളത്തിലെ 123 വില്ലേജുകളില്‍ 92 വില്ലേജുകള്‍ മാത്രം ഇഎസ്എയില്‍ ഉള്‍പ്പെടുത്തി അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് തടസമില്ല എന്ന് വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ 123 വില്ലേജുകളിലെയും കൃഷിയിടങ്ങളും തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കി റിസര്‍വ്വ് ഫോറസ്റ്റും ലോക പൈതൃക പ്രദേശങ്ങളും സംരക്ഷിത മേഖലകളും മാത്രം ഇഎസ്എയില്‍ ഉള്‍പ്പെടുത്തി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം ഇറക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നു.

അതനുസരിച്ച് ജിയോ കോഡിനേറ്റുകള്‍ ഉപയോഗിച്ച് 123 വില്ലേജുകളിലെയും വന മേഖലകളുടെ അതിര്‍ത്തി രേഖപ്പെടുത്തി ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് വെബ്‌സൈറ്റില്‍ ചേര്‍ത്തിരുന്നതാണ്.

ഈ റിപ്പോര്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് പുതിയതായി സംസ്ഥാന സര്‍ക്കാര്‍ ആരുമറിയാതെ ഒരു പഠന സമിതിയെ വച്ച് റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട് കേന്ദ്രത്തിനു നല്‍്കിയ നിര്‍ദ്ദേശങ്ങളിലുള്ളത്. ഇത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

പൂര്‍ണമായും ഇഎസ്എയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 31 വില്ലേജുകളെക്കാള്‍ ജനസാന്ദ്രത കൂടിയതും, വനഭൂമി കുറഞ്ഞതും, ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടതുമായ നിരവധി വില്ലേജുകള്‍ ഈ 92 വില്ലേജുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല എന്നത് സംശയാസ്പദമാണ്.

തന്നെയുമല്ല സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വനഭൂമി മാത്രമേ ഇഎസ്എ ആയി പ്രഖ്യാപിക്കാന്‍ പാടുള്ളൂ എന്ന് ഒരുവശത്തു നിര്‍ദ്ദേശിക്കുകയും മറുവശത്ത് പുതുതായി തയ്യാറാക്കിയതായി അവകാശപ്പെടുന്ന ജിയോ കോഡിനേറ്റ് മാപ്പില്‍ 92 വില്ലേജുകളില്‍നിന്നും ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍ ഒഴിവാക്കിയ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും റവന്യു ഭൂമിയും വനഭൂമിയായി ചേര്‍ത്ത് ജനങ്ങളെ വഞ്ചിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യം 31 വില്ലേജുകള്‍ ഉള്‍പ്പെടുന്ന 1337.24 ചതുരശ്ര കിലോ മീറ്റര്‍ ഒഴിവാക്കിയെടുക്കുന്നതിനെക്കുറിച്ച് മാത്രമാണ് എന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നു. ഇക്കാര്യം പല പ്രാവശ്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയ്യാറാകാതെയാണ് ഇപ്പോഴത്തെ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഇത് 92 വില്ലേജുകളിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗം തകര്‍ക്കുമെന്ന് സീറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ 92 വില്ലേജുകളില്‍ ഉള്‍പ്പെടുന്ന 22 ലക്ഷത്തിലധികം ജനങ്ങളെ വളരെ ഗുരുതരമായി ബാധിക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിച്ച് കേരളത്തിന്റെ റവന്യു ഭൂമി പൂര്‍ണമായും ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കി അന്തിമ വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കണം.

മറ്റ് സംസ്ഥാനങ്ങള്‍ ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കി ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ പരിധിയില്‍ നിന്നും മാറ്റി എടുക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ ഇപ്രകാരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്.

വില്ലേജ് ആയിരിക്കണം അടിസ്ഥാന യൂണിറ്റ് എന്ന നിര്‍ദ്ദേശത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചെയ്തതു പോലെ ഓരോ ഇഎസ്എ വില്ലേജിലും ഉള്‍പ്പെട്ട റവന്യൂ ഭൂമിയെ റവന്യു വില്ലേജ് എന്നും ഫോറസ്റ്റ് ഭാഗത്തെ ഫോറസ്റ്റ് വില്ലേജ് എന്നും വേര്‍തിരിച്ചു രേഖപ്പെടുത്തി നല്‍കി പരിഹരിക്കാവുന്ന ഒരു വിഷയമാണ് ഇത്തരത്തില്‍ വഷളാക്കി കൊണ്ടിരിക്കുന്നത്.

ഇത്തരം നിക്ഷിപ്ത താത്പര്യങ്ങള്‍ അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഈ അവസാന നിമിഷമെങ്കിലും തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നും പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ ആവശ്യപ്പെട്ടു.

ഓണ്‍ലൈനായി കൂടിയ യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കണ്‍വീനര്‍ മാര്‍ തോമസ് തറയില്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് പാംപ്ലാനി, ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജയിംസ് കൊക്കവയലില്‍, ഫാ. സൈജോ തൈക്കാട്ടില്‍, ഡോ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.