തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
സില്‍വര്‍ ലൈന്‍ ജനോപകാര പ്രദമല്ലെന്ന് ഇവിടത്തെ കൊച്ചു കുഞ്ഞിന് പോലും അറിയാം. സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢതന്ത്രമാണിത്. തരൂര്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും ഹൈക്കമാന്‍ഡ് എത്രയും പെട്ടെന്ന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശി തരൂര്‍ അന്താരാഷ്ട്ര പ്രശസ്തനായ രാജ്യതന്ത്രജ്ഞനോ എഴുത്തുകാരനോ മികച്ച പ്രാസംഗികനോ ആകാം. പക്ഷേ കോണ്‍ഗ്രസിന്റെ താത്വികമായ അച്ചടക്കവും മര്യാദകളും അദ്ദേഹം പഠിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച എംപി ആണെങ്കില്‍ അടിസ്ഥാനപരമായി അദ്ദേഹമൊരു കോണ്‍ഗ്രസുകാരനാണ്.
ഭൂരിപക്ഷം എംപി മാരും കെ റെയിലിന് എതിരായി നിലപാട് എടുക്കുമ്പോള്‍ ഞാനിത് പഠിക്കട്ടെ എന്ന് പറയുന്നത് സര്‍ക്കാരിനെ സഹായിക്കാന്‍ വേണ്ടി അദ്ദേഹം നടത്തുന്ന ഗൂഢമായ നീക്കങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.മുരളീധരന്‍ എംപിയും തരൂരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തരൂര്‍ ഒരു അന്താരാഷ്ട്ര വ്യക്തിത്വമാണെന്നും വികസന കാര്യങ്ങളില്‍ അദ്ദേഹത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു. വികസന കാര്യത്തില്‍ സ്വന്തം കാഴ്ചപ്പാടാണ് തരൂര്‍ തുറന്നു പറഞ്ഞതെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.