ബ്രസീലിയ:കാട്ടുതീയുടെ താണ്ഡവത്തില്‍ ജീവജാലങ്ങളുടെ ശ്മശാനമായി മാറുന്നു ലോകത്തിലെ ഏറ്റവും വിസ്തൃത തണ്ണീര്‍ത്തട പ്രദേശമായ പാന്റനല്‍. ബ്രസീലിന്റെ പടിഞ്ഞാറന്‍ മേഖലയിലും ബൊളീവിയ, പാരഗ്വായ് എന്നീ രാജ്യങ്ങളിലുമായി പരന്നുകിടക്കുന്ന 150000 ചതുരശ്ര കിലോ മീറ്റര്‍ വ്‌സ്തൃതിയുള്ള പാന്റനലിന്റെ ബ്രസീല്‍ ഭാഗത്താണ് ഇടയ്ക്കിടെ തീ നിയന്ത്രണം വിടുന്നത്.
അത്ഭുതകരമായ ആവാസ വ്യവസ്ഥയെന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചുവന്ന ഈ തണ്ണീര്‍ത്തടങ്ങളില്‍ ഈയിടെ നടത്തിയ പര്യവേക്ഷണത്തില്‍ 2020 ലെ വന്‍ കാട്ടുതീയില്‍ കൊല്ലപ്പെട്ട ഉരഗവര്‍ഗത്തില്‍ ഉള്‍പ്പെടെയുളള കശേരു ജീവികളുടെ എണ്ണം 17 ദശലക്ഷത്തിലധികം വരുമെന്ന് കണ്ടെത്തി. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീര്‍ത്തടത്തെ കാട്ടുതീ വിഴുങ്ങുകയായിരുന്നു.ലക്ഷക്കണക്കിനു മരങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്ന 30 ശതമാനത്തിലധികം പ്രദേശം കത്തിതീരുകയും ചെയ്തു.
തീയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ നിന്നു രക്ഷപ്പെടാനാകാതെ ഉരഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവ കാട്ടുതീയില്‍ നശിച്ചു. ഇതുസംബന്ധിച്ച് നഷ്ടത്തിന്റെ കണക്ക് സയന്റിഫിക് റിപ്പോര്‍ട്ട്സ് ജേണല്‍ പ്രസിദ്ധീകരിച്ചു. ബ്രസീലിലെ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിലെ (ഡബ്ല്യുഡബ്ല്യുഎഫ്) സയന്‍സ് ചീഫ് ഡോ. മരിയാന നപോളിറ്റാനോ ഫെറേറയുടെ അഭിപ്രായത്തില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 22,000 വ്യത്യസ്ത തീപിടുത്തങ്ങള്‍ ഇവിടെ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കാട്ടുതീയുണ്ടായതിന് ശേഷം 24 മുതല്‍ 48 മണിക്കൂര്‍ വരെ കരിഞ്ഞ പ്രദേശങ്ങളില്‍ ചത്ത മൃഗങ്ങളുടെ ശവശരീരങ്ങള്‍ എണ്ണുന്നത് പഠനത്തിന്റെ രീതിശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു. തങ്ങള്‍ കണ്ട ചത്ത മൃഗങ്ങളെ പരിശോധിച്ചതായും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. സര്‍വേയില്‍ കണ്ടെത്തിയ 300 ജീവികളുടെ ഇനം തിരിച്ചറിയുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചു. ബ്രസീലിയയിലെ എംബ്രാപ്പ പാന്റനല്‍ ഗവേഷണ സ്ഥാപനത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വാല്‍ഫ്രിഡോ മൊറേസ് തോമസിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ഭൂമിശാസ്ത്രപരമായ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ ദുരന്തത്തിന്റെ വലിപ്പവും കൂടും. ഇവിടെ കൊല്ലപ്പെട്ട പാമ്പുകളുടെ എണ്ണം അസംഖ്യം.
ഗവേഷണമനുസരിച്ച് ഉരഗങ്ങള്‍ക്ക് ഏറ്റവും അധികം നാശം സംഭവിച്ചിരിക്കുന്നത്. മൊത്തം ചത്ത മൃഗങ്ങളുടെ 79 ശതമാനത്തില്‍ അധികം ഉരഗങ്ങളാണ്. സസ്തനികള്‍ 15 ശതമാനത്തിലധികം വരും. ഉഭയജീവികള്‍ എണ്ണത്തിന്റെ 4 ശതമാനം വരും. ചത്ത പക്ഷികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്ന് ഗവേശഷകര്‍ വ്യക്തമാക്കി.ഗവേഷകരുടെ അഭിപ്രായത്തില്‍ പതിവായി ഉണ്ടാകുന്ന കാട്ടുതീ മനുഷ്യ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ദൃശ്യമായ അനന്തരഫലങ്ങളില്‍ പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.