കൊല്ലം: അഞ്ചു വര്‍ഷം കഴിഞ്ഞവര്‍ ഡിസിസി ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താവും. ഡിസിസികൾ പുനഃസംഘടിപ്പിക്കുമ്പോൾ അഞ്ചുവർഷം ഭാരവാഹികളായിരുന്നവരെ ഇനി പരിഗണിക്കില്ല. പുതിയ മാനദണ്ഡപ്രകാരം ആദ്യം തീരുമാനിച്ചത് 10 വർഷം പൂർത്തിയാക്കിയവരെ ഡി.സി.സി. ഭാരവാഹികളാക്കേണ്ടതില്ലെന്നായിരുന്നു. എന്നാൽ ഭാരവാഹികളുടെ എണ്ണം നാലിലൊന്നായി കുറയ്ക്കേണ്ടതിനാലാണ് അഞ്ചുവർഷമെന്ന പുതിയവ്യവസ്ഥ കൊണ്ടുവന്നത്.
പുതിയ ഭാരവാഹികളിൽ പകുതിപ്പേരെങ്കിലും പുതുമുഖങ്ങളായിരിക്കണമെന്നാണ് നിർദേശം. കെ.പി.സി.സി. നിശ്ചയിച്ച ഉപസമിതിയാണ് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. ഇത് അടുത്ത ദിവസം തന്നെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് കൈമാറും. ഒരാൾക്ക് ഒരു പദവി എന്ന തത്ത്വം പാലിക്കുംവിധമാകും പുനഃസംഘടന.
അതേപോലെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവൻസമയ നേതാക്കളെമാത്രം പരിഗണിച്ചാൽ മതിയെന്നതാണ് മറ്റൊരു വ്യവസ്ഥ. എല്ലാ ബ്ലോക്കുകളിലും പുതുമുഖങ്ങൾ ബ്ലോക്ക് പ്രസിഡന്റുമാരായി വരും. അർദ്ധസർക്കാർ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും ജോലിയുള്ളവരെയും തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലിരിക്കുന്നവരെയും ജില്ലാപഞ്ചായത്ത് അംഗങ്ങളെയും ഡി.സി.സി. ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരുമാക്കില്ല.
പ്രായപരിധി പിന്നിട്ട യൂത്ത് കോൺഗ്രസ് നേതാക്കളെയും ഐ.എൻ.ടി.യു.സി. ജില്ലാ ഭാരവാഹികളെയും കോൺഗ്രസ് നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവരും. വലിയ ജില്ലകളിൽ 25 ഭാരവാഹികളും 26 എക്സിക്യുട്ടീവ് അംഗങ്ങളുമുണ്ടാകും. ഇവിടങ്ങളിൽ നാലുവൈസ് പ്രസിഡന്റുമാരും ഒരുട്രഷററും 20 ജനറൽ സെക്രട്ടറിമാരുമുണ്ടാകും. ഭാരവാഹികളിൽ രണ്ടുപേർ വനിതകളും ഒരാൾ പട്ടികജാതിവിഭാഗത്തിൽനിന്നും ഒരാൾ പട്ടിക വർഗവിഭാഗത്തിൽനിന്നുമായിരിക്കണം.
ചെറിയ ജില്ലകളിൽ മൂന്നു വൈസ് പ്രസിഡന്റുമാർ, ഒരു ട്രഷറർ, 11 ജനറൽ സെക്രട്ടറിമാർ എന്നിങ്ങനെയാണ് ഭാരവാഹികളുടെ എണ്ണം. പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട് എന്നിവയാണ് ചെറിയ ജില്ലകൾ. നിലവിൽ പല ജില്ലകളിലും 70 മുതൽ 100 വരെ കോൺഗ്രസ് ഭാരവാഹികളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.