കേരള നിയമ സഭയിലെ കരുത്തുറ്റ ശബ്ദം; പി.ടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മന്ത്രിമാര്‍

 കേരള നിയമ സഭയിലെ കരുത്തുറ്റ ശബ്ദം; പി.ടിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മന്ത്രിമാര്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മന്ത്രിമാര്‍. പി.ടിയുടെ നിലപാട് അദ്ദേഹത്തെ എന്നും വേറിട്ടുനിര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓര്‍മിച്ചു.

സ്വന്തം അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും വ്യത്യസ്തമായ നിലപാടുകള്‍ ആ അഭിപ്രായത്തിനനുസരിച്ച് സ്വീകരിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു പി.ടിയെന്ന് മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

പിടി ഇടുക്കിയുടെ എംപി ആയിരുന്നപ്പോഴും പിന്നീടും വര്‍ഷങ്ങളോളം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചതാണ് അദ്ദേഹത്തോടൊപ്പമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓര്‍മിച്ചു. 'അന്നത്തെ ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ട്. പിടിയുടെ അകാല വേര്‍പാട് താങ്ങാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍വേശ്വരന്‍ കരുത്ത് പകരട്ടെ'യെന്നും മന്ത്രി പറഞ്ഞു.

കേരള നിയമസഭയിലെ കരുത്തുറ്റ ശബ്ദമായിരുന്നു പി.ടി എന്ന് റവന്യുമന്ത്രി കെ രാജന്‍ കുറിച്ചു. 'ഏത് വിഷയവും വിശാലമായി പഠിച്ച് അവതരിപ്പിച്ചിരുന്ന മികച്ച പാര്‍ലിമെന്റേറിയാനാണ് അദ്ദേഹം. പരിസ്ഥിതി വിഷയത്തിലുള്‍പ്പെടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാടുകളുയര്‍ത്തിയ അദ്ദേഹത്തിന്റെ പോരാട്ടം കേരളം ശ്രദ്ധിച്ചതാണ്.

കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് റവന്യു വകുപ്പില്‍ പുതിയതായി ആരംഭിച്ച ജില്ലാ റവന്യു അസംബ്ലി എന്ന പരിപാടിയില്‍ ശ്രദ്ധേയമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് പി.ടി യുടെ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നത്. അത്തരത്തില്‍ മികവുറ്റ രീതിയില്‍ പാര്‍ലിമെന്ററി രംഗത്തെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോയ അദ്ദേഹത്തിന്റെ വിയോഗം കേരള നിയമസഭയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്. മന്ത്രി അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.