ന്യൂഡല്‍ഹി: ഒമിക്രോണ്‍ രോഗികളുടെ എണ്ണം വിവിധ സംസ്ഥാനങ്ങളില്‍ കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്ന് മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. ജില്ലാതലം മുതല്‍ പ്രതിരോധം ശക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കേന്ദ്ര മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ആരോഗ്യമേഖലയിലെ വിദധരും പങ്കെടുത്ത യോഗത്തില്‍ പ്രധാനമായും പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുത്ത് നടക്കുന്ന സംസ്ഥാനങ്ങളില്‍ അതിവേഗം പൂര്‍ത്തിയാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുക, പരിശോധനകളിലൂടെ ഡല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക, ദേശീയ കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുക, ഓക്സിജന്‍ കിടക്കകളുടെ എണ്ണവും അവശ്യമരുന്നുകളുടെ കരുതല്‍ശേഖരവും ഉറപ്പാക്കുക, കൊവിഡ് സുരക്ഷാ നടപടികള്‍ കൃത്യമായി ജനങ്ങളെ അറിയിക്കുക, വാക്സിനേഷന്‍ വേഗതയിലാക്കുക, കൃത്യവും ഫലപ്രദവുമായ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കണം.
പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കണം എന്നിവയാണ് യോഗത്തിൽ കേന്ദ്രം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ.
താഴെതട്ടുമുതലുള്ള ആരോഗ്യസംവിധാനം ശക്തിപ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും മോഡി പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും.
നിലവില്‍ രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളത്. യോഗത്തില്‍ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ വിലയിരുത്തി.
രോഗ സ്ഥിരീകരണം 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് രാജേഷ് ഭൂഷണ്‍ നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ 14 ദിവസമെങ്കിലും തുടരണം. അഞ്ചിന നിയന്ത്രണങ്ങളുടെ പ്രാധാന്യവും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം മധ്യപ്രദേശില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.