സഹകരണ സര്‍വകലാശാല: സാധ്യത തേടി കേരളം; സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു

സഹകരണ സര്‍വകലാശാല: സാധ്യത തേടി കേരളം; സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു

തിരുവനന്തുരം: സംസ്ഥാനം സഹകരണ സര്‍വകലാശാല ആരംഭിക്കുന്നതിന് സാധ്യത ആരായുന്നു. സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു വരാനായാണ് പുതിയ നീക്കം. കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് വകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. കെ.എസ്. ചന്ദ്രശേഖരനെ സാധ്യതാപഠനത്തിനുള്ള സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു.

മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍വകലാശാല സംബന്ധിച്ച ചര്‍ച്ച നടന്നത്. സാധ്യതകള്‍ ആരായാനും തീരുമാനിച്ചു. കോ-ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ (കേപ്) ഡയറക്ടര്‍ ഡോ. ആര്‍. ശശികുമാര്‍ കഴിഞ്ഞ മാസം ഇതുസംബന്ധിച്ച് സഹകരണവകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ വകുപ്പ് തീരുമാനിച്ചത്.

സഹകരണമേഖലയില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവ പല സര്‍വകലാശാലകളിലായാണ് അഫിലിയേഷന്‍ നേടിയിട്ടുള്ളത്. കേപിന് കീഴില്‍ മാത്രം 11 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. സഹകരണ യൂണിയന് കീഴില്‍ 13 സഹകരണ പരിശീലന കോളേജുകളുമുണ്ട്. 16 പരിശീലന കേന്ദ്രങ്ങളുമുണ്ട്.

കേരളത്തിലെ പതിനയ്യായിരത്തോളം വരുന്ന സഹകരണ സ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അടിസ്ഥായ യോഗ്യതയായ എച്ച്.ഡി.സി., ജെ.ഡി.സി കോഴ്സുകള്‍ നടത്തുന്നത് ഈ കോളേജുകളിലാണ്. ഇവയെ ഒരു സര്‍വകലാശാലയ്ക്ക് കീഴിലാക്കി കാലോചിതമായി പരിഷ്‌കരണമെന്ന് നേരത്തേ ആവശ്യം ഉയര്‍ന്നിരുന്നു. പദ്ധതി നടപ്പായാല്‍ കാര്‍ഷിക, ആരോഗ്യ, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് പിന്നാലെ മറ്റൊരു ചുവടുവെപ്പാവും ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.