ആലപ്പുഴ : കൈനടി എ ജെ ജോൺ മെമ്മോറിയൽ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ മുന്നോടിയായി ഡിസംബർ 26 ന് വ്യാകുലമാതാ പാരീഷ് ഹാളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് കപ്പാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം ചങ്ങനാശ്ശേരി എം എൽ എ അഡ്വ. ജോബ്മൈക്കിൾ ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ വെരി. റവ. ഫാ. തോമസ് പാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ ടീച്ചർ ആശംസ അർപ്പിക്കുകയും ചെയ്തു.
മുൻ മദ്രാസ് ഗവർണറും, തിരു - കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന യശ്ശ:ശരീരനായ ശ്രീ. എ ജെ ജോണിന്റെ സ്മരണാർഥം 1921 ലാണ് കൈനടിയിൽ സ്കൂൾ സ്ഥാപിതമായത്. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 2022 ജനുവരിയിൽ നടത്തപ്പെടുമെന്ന് സ്കൂൾ മാനേജർ റവ. ഫാ. ജോർജ് കപ്പാ മൂട്ടിലും, ജനറൽ കൺവീനർ ടോജോ പഴയകളവും അറിയിച്ചു.
യോഗത്തിൽ ടി. ജെ. തങ്കച്ചൻ (പഞ്ചായത്ത് പ്രസിഡന്റ്), ഫാ. ജേക്കബ് വട്ടക്കാട്, വിജയ കുമാർ (സബ് ഇൻസ്‌പെക്ടർ കൈനടി), ലിസമ്മ ജോർജ് (മുൻ ഹെഡ് മിസ്‌ട്രെസ്സ്), ഷാജി പി ജെ (ജനറൽ മാനേജർ, വാട്ടർ ട്രാൻസ്‌പോർട്- കൊച്ചി മെട്രോ), വി ഡി മാത്യു (മുൻ അദ്ധ്യാപകൻ), മോളി മാത്യു (അദ്ധ്യാപിക), സി. ലിൻസ SABS (അദ്ധ്യാപക പ്രതിനിധി) എന്നിവർ ആശംസാ പ്രസംഗം നടത്തി. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രഥമ പ്രസിഡന്റ് ആയി അഡ്വ. അമൽ ദേവരാജിനെയും, സെക്രട്ടറിമാരായി ടോജോ ദേവസ്യായെയും ലിനി ജോയിയെയും തിരഞ്ഞെടുത്തു.
തന്റെ സമയോചിതമായ ഇടപെടൽ മൂലം മൂന്ന് പേരെ മുങ്ങി മരണത്തിൽ നിന്നും രക്ഷിച്ച് അടുത്തിടെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ അതുൽ ബിനീഷിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.