പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്; ശശി തരൂരിനെതിരെ വീണ്ടും മുല്ലപ്പള്ളി

 പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്; ശശി തരൂരിനെതിരെ വീണ്ടും മുല്ലപ്പള്ളി

കോഴിക്കോട്: ശശി തരൂര്‍ എംപിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്. രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനോട് കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ലെന്നും മുല്ലപ്പള്ളി ഓര്‍മ്മിപ്പിച്ചു. തരൂര്‍ അഖിലേന്ത്യ നേതാവും എം.പിയുമായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തരൂരിനെതിരെ എ.ഐ.സി.സിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. തരൂരിന്റെ കാര്യത്തില്‍ കെപിസിസി നേതൃത്വം അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അത് ദേശീയ നേതൃത്വത്തിന് ബോധ്യമുള്ളതാണെന്നും വിഷയം തങ്ങളുടെ മുന്നില്‍ വരുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയില്‍ വിഷയത്തിലെ തരൂരിന്റെ പ്രതികരണത്തെ മുന്‍പ് മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാന്‍ഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഒരു എംപിയാണെങ്കില്‍ അടിസ്ഥാനപരമായി തരൂര്‍ ഒരു കോണ്‍ഗ്രസുകാരനാണ്. അദ്ദേഹത്തിന് കോണ്‍ഗ്രസ് തത്വങ്ങള്‍ അറിയില്ല എന്നു പറയുന്നത് ശരിയല്ല. കൊച്ചുകുട്ടികള്‍ക്ക് പോലും സില്‍വര്‍ ലൈനിന്റെ പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അറിയാമെന്നാണ് കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധത്തില്‍ നിന്ന് തരൂര്‍ വിട്ട് നിന്നപ്പോള്‍ മുല്ലപ്പള്ളി പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.