അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 29
സ്വന്തം കത്തീഡ്രലില്‍ വച്ച് 1170 ഡിസംബര്‍ 29 ന് വധിക്കപ്പെട്ട കാന്റര്‍ബറി ആര്‍ച്ചുബിഷപ്പാണ് വിശുദ്ധ തോമസ് ബെക്കെറ്റ്. 1117 ഡിസംബര്‍ 21 ന് ലണ്ടനിലാണ് ജനനം. പിതാവ് ഗില്‍ബര്‍ട്ട് ബെക്കെറ്റ് യൗവ്വനത്തില്‍ ജെറുസലേമിലേക്ക് തീര്‍ത്ഥാടനത്തിനു പോവുകയും ഒന്നര വര്‍ഷം ഒരു മുഹമ്മദീയന്റെ കുടുംബത്തില്‍ അടിമയായി താമസിക്കുകയും ചെയ്തു.
അവിടെ വച്ച് മുഹമ്മദീയന്റെ മകള്‍ മാനസാന്തരപ്പെട്ട് ഗില്‍ബര്‍ട്ടിനൊപ്പം ലണ്ടനിലേക്ക് വരികയും ജ്ഞാനസ്‌നാനപ്പെട്ട് ഗില്‍ബര്‍ട്ടിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. 1138 ല്‍ പിതാവ് മരിച്ചെങ്കിലും ഭക്തയായ അമ്മ മെറ്റില്‍ദെസ് ദൈവ ഭക്തിയിലാണ് തോമസിനെ വളര്‍ത്തിക്കൊണ്ടു വന്നത്.
ലണ്ടനിലും പാരീസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തോമസ് 1155 ല്‍ രാജാവായ ഹെന്റി രണ്ടാമന്റെ കാലത്ത് പ്രഭുവും ചാന്‍സലറും ആയി. പിന്നീട് 1162 ല്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന അദ്ദേഹം രാജാവിന്റെ അനിഷ്ടം കണക്കിലെടുക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനും സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികള്‍ കൈകൊണ്ടു. ഇത് വിശുദ്ധന്റെ കാരാഗ്രഹ വാസത്തിനും നാടുകടത്തലിനും കാരണമായി.
പുരാതന സഭാ രേഖകളില്‍ വിശുദ്ധന്റെ അവസാന ദിനങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്. മെത്രാന്‍ രാജാവിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും രാജ്യത്തെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്നും ചില എതിരാളികള്‍ രാജാവിനോട് പറഞ്ഞു. രാജാവിന് വിശുദ്ധനോടുള്ള അപ്രീതി മുതലെടുത്ത് ചില രാജസേവകര്‍ അദ്ദേഹത്തെ വകവരുത്തുവാന്‍ തീരുമാനമെടുത്തു. അവര്‍ കാന്റര്‍ബറിയിലെത്തി സന്ധ്യാ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന മെത്രാനെ ആക്രമിച്ചു.
വിശുദ്ധന്റെ കൂടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ അദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തുകയും ദേവാലയത്തിന്റെ കവാടം അടക്കുകയും ചെയ്തു. എന്നാല്‍ തോമസ് ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു ഭയവും കൂടാതെ ദേവാലയ കവാടം മലര്‍ക്കെ തുറന്നു. 'ദൈവത്തിന്റെ ഭവനം ഒരു കോട്ടപോലെ ആകരുത്. ദൈവത്തിന്റെ സഭയ്ക്ക് വേണ്ടി സന്തോഷപൂര്‍വ്വം മരണം വരിക്കുന്നതിനു ഞാന്‍ തയ്യാറാണ്.'
പിന്നീട് അദ്ദേഹം ഭടന്‍മാരോടായി പറഞ്ഞു. 'ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ ആജ്ഞാപിക്കുന്നു... എന്റെ കൂടെയുള്ളവര്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുത്.' അതിനു ശേഷം വിശുദ്ധന്‍ തന്റെ മുട്ടിന്‍മേല്‍ നിന്ന് തന്നെയും തന്റെ ജനത്തേയും ദൈവത്തിനും പരിശുദ്ധ മറിയത്തിനും വിശുദ്ധ ഡെനിസിനും സഭയിലെ മറ്റുള്ള വിശുദ്ധ മാധ്യസ്ഥന്‍മാര്‍ക്കും ഏല്‍പ്പിച്ചു കൊണ്ട് ദൈവത്തെ സ്തുതിച്ചു. പിന്നീട് ധൈര്യസമേതനായി ദൈവ നിന്ദകരുടെ വാളിനു മുന്നില്‍ തന്റെ തല കുനിച്ചു കൊടുത്തു.
തന്റെ കുഞ്ഞാടുകള്‍ക്കായി സ്വന്തം ജീവന്‍ ബലി നല്‍കിയതിലൂടെ 'സുവിശേഷത്തിലെ നല്ല ഇടയനായിട്ടാണ്' തിരുസഭ വിശുദ്ധ തോമസ് ബെക്കെറ്റിനെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ലെറിന്‍സിലെ ആന്റണി
2. ഗാബ്രോണിലെ ആള്‍ബെര്‍ട്ട്
3. രാജകീയ പ്രവാചകനായ ഡേവിഡ്
4. പൗലോസ് ശ്ലീഹായുടെ ശിഷ്യനായ ക്രെഷന്‍സ്
5. റോമന്‍ രക്തസാക്ഷികളായ കലിസ്റ്റസ് ഫെലിക്‌സ്, ബോണിഫസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.