പൊലീസ് തലപ്പത്ത് അഴിച്ചുപണി; മഹിപാലും ബല്‍റാം കുമാറും എഡിജിപിമാര്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി; മഹിപാലും ബല്‍റാം കുമാറും എഡിജിപിമാര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണിയുമായി സ‍ര്‍ക്കാര്‍. തുട‍ര്‍ച്ചയായി ​ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരത്ത് പുതിയ കമ്മിഷണറേയും റൂറല്‍ എസ്.പിയെയും ചുമതലപ്പെടുത്തും. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ പദവി ഐ.ജി റാങ്കിലേക്ക് ഉയര്‍ത്തി.

എഡിജിപി, ഐജി റാങ്കിലേക്ക് പ്രമോഷനോട് കൂടി വിവിധ ഉദ്യോ​ഗസ്ഥരെ മാറ്റിനിയമിച്ചിട്ടുള്ള ഉത്തരവ് പുറത്തു വന്നു. ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാ‍ര്‍ ഉപാദ്ധ്യായ എന്നിവരെ എ.ഡി.ജി.പി.മാരായി പ്രമോട്ട് ചെയ്തു. ട്രെയിനിം​ഗ് ചുമതലയുള്ള എ.ഡി.ജി.പിയായി ബല്‍റാം കുമാ‍ര്‍ ഉപാദ്ധ്യായയ്ക്ക് പുതിയ നിയമനം നല്‍കി. എ.ഡി.ജി.പി യോ​ഗേഷ് ​ഗുപ്തയെ പൊലീസ് അക്കാഡമി ഡയറക്ടറായി മാറ്റി നിയമിച്ചു. ‌‌

ക്രമസമാധാന ചുമതലയുള്ള ​ദക്ഷിണമേഖല ഐ.ജി ഹ‍ര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സിലേക്ക് മാറ്റി. ബല്‍റാം കുമാര്‍ ഉപാദ്ധ്യായയ്ക്ക് പകരക്കാരനായി ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാവും.
ആറ് ഡി.ഐ.ജിമാരെ ഐ.ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ഐ.ജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ നിയമിച്ചു. ട്രാഫിക്കിന്റെ ചുമതലയും അദ്ദേഹത്തിന് നല്‍കി. . പി.പ്രകാശാണ് പുതിയ ദക്ഷിണമേഖല ഐജി. കെ.സേതുരാമനെ പൊലീസ് അക്കാഡമിയില്‍ നിയമിച്ചു. കെ.പി. ഫിലിപ്പിന്

ക്രൈംബ്രാഞ്ചില്‍ നിയമനം കിട്ടി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനം ഐ.ജി റാങ്കിലേക്ക് ഉയ‍ര്‍ത്തി. പ്രമോഷന്‍ ലഭിച്ച നിലവിലെ കമ്മീഷണര്‍ എ.വി.ജോര്‍ജ് ഇവിടെ തുടരും. അഞ്ച് എസ്.പിമാരെ ഡി.ഐ.ജി റാങ്കിലേക്ക് ഉയ‍ര്‍ത്തിയിട്ടുണ്ട്. പ്രമോഷന്‍ ലഭിച്ച ആര്‍.നിശാന്തിന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയാവും. സഞ്ജയ് കുമാര്‍ ​ഗുരുഡിനിനെ ആംഡ് പൊലീസ് ബറ്റാലിയനില്‍ നിയമിച്ചു. രാഹുല്‍ ആര്‍ നായര്‍ കണ്ണൂര്‍ റേഞ്ച് ഐ. ജിയായി തുടരും. പുട്ട വിമലാദിത്യ, അജിത ബീ​ഗം, സതീഷ് ബിനോ എന്നിവ‍ര്‍ കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു.

എസ്.പി അം​ഗിത് അശോകിനെ തിരുവനന്തപുരം ഡി.സി.പിയായി നിയമിച്ചു. വൈഭവ് സക്‌സേനയാണ് പുതിയ കാസര്‍കോഡ് എസ്.പി. പി.ബി രാജീവിനെ കണ്ണൂര്‍ റൂറല്‍ എസ്.പിയായും ആമോസ് മാമനെ കോഴിക്കോട് ഡി.സി.പിയായും നിയമിച്ചു. സ്വപ്നില്‍ മധുകര്‍ മഹാജന്‍ പുതിയ പത്തനംതിട്ട എസ്.പിയാവും. ദിവ്യ ഗോപിനാഥിനെ തിരുവനന്തപുരം റൂറല്‍ എസ്.പിയായും ഐശ്വര്യ ഡോ​ഗ്രയെ തൃശ്ശൂര്‍ റൂറല്‍ എസ്.പിയായും നിയമിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.