മാന്നാനം: സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടി സമൂഹത്തിന് സേവനം ചെയ്ത വലിയ ദാശനികനായിരുന്നു വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അദ്ദേഹത്തിന്റെ സേവനം സ്വന്തം മതത്തിന് മാത്രമായിരുന്നില്ല സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രയോജനപ്പെട്ടു. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാഷികാഘോഷ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
അന്ന് വളരെ കുറച്ചു പേര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന സംസ്‌കൃതത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും പരിചയപ്പെടുത്തിയ ചാവറയച്ചന്‍ മത സൗഹാര്‍ദ്ദത്തിന്റേയും സഹിഷ്ണുതയുടേയും സന്ദേശം നല്‍കി. കേരളത്തില്‍ എത്താന്‍ സാധിച്ചതിലും പരിപാടിയില്‍ പങ്കെടുക്കാനായതിലും സന്തോഷമുണ്ടെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവം ഉണ്ടാക്കിയ ആളാണ് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. സ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടി തുടങ്ങി പല സാമൂഹ്യ വിപ്ലവത്തിനും തുടക്കമിട്ട നവോത്ഥാന നായകരില്‍ അഗ്രഗണ്യനായിരുന്നു ചാവറയച്ചനെന്ന് മന്ത്രി അനുസ്മരിച്ചു.
മതത്തിന്റെ വേലികള്‍ക്കപ്പുറത്തേക്ക് എല്ലാവരേയും വിദ്യാഭ്യാസത്തിലേക്ക് നയിക്കുകയും പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന നിലയില്‍ മുന്നേറ്റം നടത്തുകയും ചെയ്തയാളാണ് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കത്തോലിക്കാ സഭ നല്‍കുന്ന സേവനം വലിയ ബഹുമാനത്തോടെയാണ് കേന്ദ്രം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ മന്ത്രി വിഎന്‍ വാസവന്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി. മുരളീധരന്‍, സിറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, തോമസ് ചാഴിക്കാടന്‍ എംപി തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ 9.45 ന് മാന്നാനത്ത് എത്തിയ ഉപരാഷ്ട്രപതി ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ ദയറാ പള്ളിയിലെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍, തോമസ് ചാഴികാടന്‍ എംപി എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രാവിലെ 9.30ന് ആര്‍പ്പൂക്കരയിലെ കുട്ടികളുടെ ആശുപത്രിക്കു സമീപമുള്ള മൈതാനത്തെ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡില്‍ ഇറങ്ങിയ ഉപരാഷ്ട്രപതിയെ മന്ത്രി വി.എന്‍.വാസവന്‍, ദക്ഷിണ മേഖല ഐ.ജി പി.പ്രകാശ്, എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത, ജില്ലാ കലക്ടര്‍ ഡോ.പി.കെ.ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ ബി.സുനില്‍കുമാര്‍, സിഎംഐ കോണ്‍ഗ്രിഗേഷന്‍ ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.