വിവരാവകാശ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച ഇന്‍സ്പെക്ടര്‍ക്ക് 25,000 രൂപ പിഴ

 വിവരാവകാശ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച ഇന്‍സ്പെക്ടര്‍ക്ക് 25,000 രൂപ പിഴ

പത്തനംതിട്ട: വിവരാവകാശ നിയമ പ്രകാരം കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞ പരാതിക്കാരന് എതിരെ വിവരാവകാശ കമ്മിഷനില്‍ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതിന് എഴുകോണ്‍ ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശിവപ്രകാശിന് 25,000 രൂപ പിഴയിട്ടു. സംസ്ഥാന വിവരാവകാശ കമ്മിഷണറുടേതാണ് ഉത്തരവ്.

2014ല്‍ അന്നത്തെ പുനലൂര്‍ എസ്‌ഐ ആയിരുന്ന ശിവപ്രകാശിനോട് ഒരു കേസ് സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല എന്നാരോപിച്ചു പുനലൂര്‍ ആരംപുന്ന നിലാവില്‍ മുരളീധരന്‍ പിള്ളയാണ് കമ്മിഷനെ സമീപിച്ചത്.

എന്നാല്‍ മുരളീധരന്‍ പിള്ളയ്ക്ക് എതിരെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് എസ്‌ഐ വിവരാവകാശ കമ്മിഷനില്‍ സമര്‍പ്പിച്ചത്. ഇതു വസ്തുതാ വിരുദ്ധമാണെന്നു കമ്മിഷനു ബോധ്യപ്പെടുകയും വിവരാവകാശ നിയമം അനുസരിച്ച് പിഴ ചുമത്താതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ട് 2019ല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

പക്ഷെ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരണം പോലും നല്‍കാന്‍ തയാറായില്ലെന്നും ഇതു കമ്മിഷനോടും വിവരാവകാശ നിയമത്തോടുമുള്ള അവഹേളനവും ധിക്കാരപരമായ സമീപനവുമാണെന്നും ചൂണ്ടിക്കാട്ടി 25,000 രൂപ പിഴ അടയ്ക്കാനാന്‍ ഉത്തരവിടുകയായിരുന്നു.

പിഴ അടച്ചില്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കണമെന്ന് പൊലീസ് മേധാവി ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അല്ലാത്ത പക്ഷം ജപ്തി നടത്തി തുക ഈടാക്കാനാണ് നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.