തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടമാകുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ നല്‍കുമെന്ന് പുനരധിവാസ പാക്കേജ്. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്‍കുന്ന പുനരധിവാസ പാക്കേജെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.
വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് ഓപ്ഷനുകളാണ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഒന്ന് നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും. രണ്ട് നഷ്ടപരിഹാര തുകയ്ക്ക് പുറമേ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും. മൂന്നാമത്തേത് നഷ്ടപരിഹാര തുകയ്ക്ക് പുറമേ 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓഫര്‍.
കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കപ്പെടുകയാണെങ്കില്‍ അതിന് 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്ടപരിഹാരം നല്‍കും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് വിപണി വിലയുടെ ഇരട്ടി വരുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപ കൂടി നല്‍കും. വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടമാകുന്നവര്‍ക്ക് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നല്‍കും.
കൂടാതെ വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാര്‍ക്ക് 30,000 രൂപയും നല്‍കും. തൊഴില്‍ നഷ്ടപ്പെടുന്ന സ്വയം തൊഴില്‍ക്കാര്‍, ചെറുകിട കച്ചവടക്കാര്‍, കരകൗശല പണിക്കാര്‍ മുതലായവര്‍ക്ക് 50,000 രൂപയും പ്രത്യേക സഹായമായി നല്‍കും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസം 6,000 രൂപ വീതം ആറ് മാസം നല്‍കും. പെട്ടിക്കടക്കാര്‍ക്ക് 25,000 രൂപ മുതല്‍ 50,000 രൂപവരെ സഹായമായി നല്‍കും.
പുറമ്പോക്ക് ഭൂമിയിലെ താമസക്കാര്‍, അല്ലെങ്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നല്‍കുന്ന പദ്ധതിയും പാക്കേജിന്റെ ഭാഗമായുണ്ട്. പദ്ധതിയെ ബാധിക്കുന്ന കുടുംബാംഗങ്ങളിലെ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ നിയമനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും. കച്ചവട സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് കെ റെയില്‍ നിര്‍മിക്കുന്ന വാണിജ്യ സമുച്ഛയങ്ങളിലെ കടമുറികളില്‍ മുന്‍ഗണന നല്‍കാനും പാക്കേജില്‍ തീരുമാനമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.