ബിജെപിക്കെതിരെ രാഹുല്‍ അല്ലാതെ മറ്റൊരു നേതാവുണ്ടോയെന്ന് കാനം; കോണ്‍ഗ്രസിനെ പുകഴ്ത്തുന്നത് ഗുണകരമാകില്ലെന്ന് കോടിയേരി

ബിജെപിക്കെതിരെ രാഹുല്‍ അല്ലാതെ മറ്റൊരു നേതാവുണ്ടോയെന്ന് കാനം;  കോണ്‍ഗ്രസിനെ പുകഴ്ത്തുന്നത് ഗുണകരമാകില്ലെന്ന് കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ചൊല്ലി കേരളത്തില്‍ ഇടതു മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ബിജെപിക്കെതിരായ ദേശീയ ബദലില്‍ സിപിഎം കോണ്‍ഗ്രസിനെ തള്ളിപ്പറയുമ്പോള്‍ കോണ്‍ഗ്രസില്ലാതെ ബിജെപിയെ നേരിടാനാവില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സിപിഐ നേതാക്കള്‍.

ബിജെപിക്കെതിരായ ദേശീയ ബദലില്‍നിന്ന് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ദേശീയ കൂട്ടായ്മയെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിനെ ചൂണ്ടിക്കാണിക്കാമോയെന്ന് കാനം ചോദിച്ചു.

ബിജെപിയെ നേരിടാന്‍ പാര്‍ട്ടികളുടെ വിപുലമായ കൂട്ടായ്മ വേണം. അതില്‍നിന്ന് കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ല. ബിനോയ് വിശ്വം പറഞ്ഞത് ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലെന്ന് പറഞ്ഞ കാനം കേരളത്തിലേത് വ്യത്യസ്തമായ സാഹചര്യമെന്നും വിശദീകരിച്ചു.

നേരത്തെ ദേശീയ തലത്തില്‍ ഇടതുപക്ഷം യുപിഎയെ പിന്തുണച്ചപ്പോള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പുണ്ടായിട്ടുണ്ട്. ദേശീയ തലത്തിലെ ബന്ധം കേരളത്തിലെ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് കാനം പറഞ്ഞു.

എന്നാല്‍ സിപിഐ നിലപാടിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കേരളത്തില്‍ കോണ്‍ഗ്രസിനെ പുകഴ്ത്തുന്നത് ഇടതുപക്ഷത്തിന് സഹായകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിന് മാത്രമേ ഗുണകരമാവൂ. രാജ്യത്ത് ബിജെപിയെ തോല്‍പ്പിക്കുകയെന്നതാണ് പ്രധാനം. പ്രാദേശിക കക്ഷികള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദല്‍ സാധ്യമാകില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം ബിനോയ് വിശ്വത്തെ അനുകൂലിച്ച് സിപിഐ മുഖപത്രം മുഖപ്രസംഗം എഴുതി. രാജ്യത്ത് രാഷ്ട്രീയ ബദല്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് മുഖപ്രസംഗം പറയുന്നു. കോണ്‍ഗ്രസിന്റെ പ്രാധാന്യം കമ്യുണിസ്റ്റുകള്‍ മാത്രമല്ല നിഷ്പക്ഷരും അംഗീകരിക്കും. കമ്യുണിസ്റ്റ്, ഇടത് പാര്‍ട്ടികളുടേത് മാത്രമായ ദേശീയ ബദല്‍ അസാധ്യം ആണെന്നും ജനയുഗം പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.