കടലിലേക്ക് 'അജ്ഞാത ആയുധം' തൊടുത്ത് ഉത്തര കൊറിയ; അയല്‍ രാജ്യങ്ങള്‍ അങ്കലാപ്പില്‍

കടലിലേക്ക് 'അജ്ഞാത ആയുധം' തൊടുത്ത് ഉത്തര കൊറിയ; അയല്‍ രാജ്യങ്ങള്‍ അങ്കലാപ്പില്‍


പ്യോങ്യാങ്: 'അജ്ഞാത ആയുധം' കടലിലേക്ക് തൊടുത്തുവിട്ട് ഉത്തര കൊറിയ. ബാലിസ്റ്റിക് മിസൈല്‍ ആണ് 500 കിലോമീറ്റര്‍ ദൂരത്തേക്കു പറന്നതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി നൊബോ കിഷി പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. അതെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും ഉള്‍പ്പെടെ രാജ്യങ്ങള്‍.ഭാവിയില്‍ ഇരു കൊറിയകളെയും തമ്മില്‍ ബന്ധിപ്പിക്കുമെന്ന പ്രതീക്ഷയുണര്‍ത്തി പുതിയ റെയില്‍ പാതയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്‍ പങ്കെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സംഭവം.

ജാപ്പനീസ് കോസ്റ്റ് ഗാര്‍ഡ് ആണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.കൊറിയന്‍ ഉപദ്വീപില്‍ സൈനിക അസ്ഥിരത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കിം പറഞ്ഞതിന്റെ തൊട്ടു പിന്നാലെയാണ് പരീക്ഷണം എന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു. 2017ല്‍ ഉത്തര കൊറിയ സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തില്‍ പറക്കാവുന്ന മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. യു.എസ് സൈനിക കേന്ദ്രത്തെ ലക്ഷ്യം വച്ചാകാം ഈ നീക്കം എന്ന സംശയം അക്കാലത്ത് ശക്തമായി.

വേഗവും ദൂരവും പ്രഹരശേഷിയും കാരണം ക്രൂയിസ് മിസൈലുകളേക്കാള്‍ അപകടകാരിയാണ് ബാലിസ്റ്റിക് മിസൈല്‍. അതുകൊണ്ടു തന്നെയാണ് ഉത്തര കൊറിയയുടെ അജ്ഞാത ആയുധത്തെ യു.എസ് ഉള്‍പ്പെടെ ഭയക്കുന്നത്.ഉത്തര കൊറിയയുടെ പ്രകോപനപരമായ ആയുധശേഖരണം കാരണം ദക്ഷിണ കൊറിയയും അന്തര്‍വാഹിനിയില്‍ നിന്നു വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. കൊറോണ കാരണം കൊടും പട്ടിണിയിലാണ് ഉത്തര കൊറിയ. ഇതിനിടെയാണ് ആയുധശേഷി വര്‍ധിപ്പിക്കുന്നത്.

അപകടകാരിയായി വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ് ഏകാധിപതിയും ഉത്തര കൊറിയന്‍ ഭരണാധികാരിയുമായ കിംഗ്ജോങ് ഉന്നിന്റെ ഓരോ പ്രവര്‍ത്തനവും ലോകം ആകാംക്ഷയോടെ വീക്ഷിക്കുന്നതിനിടെയാണ് സംശയാസ്പദമായ പുതിയ വിക്ഷേപണം. അണ്വായുധങ്ങളും ബാലിസ്റ്റിക് മിസൈലും പരീക്ഷിക്കുന്നതില്‍ നിന്ന് യു.എന്‍ ഉത്തര കൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും ലംഘിക്കപ്പെടുന്നതായാണ് സൂചന.


ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് ജാപ്പനീസ് കോസ്റ്റ് ഗാര്‍ഡിന്റെ വിലയിരുത്തല്‍. സ്ഥിരീകരണമുണ്ടായാല്‍ അത് ഉത്തര കൊറിയയുടെ പുതുവര്‍ഷത്തെ ആദ്യവിക്ഷേപണമായിരിക്കും. ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്(ജെസിഎസ്) വ്യക്തമാക്കി. എന്നാല്‍ ഇതൊരു ദീര്‍ഘദൂര മിസൈല്‍ ആണോയെന്ന കാര്യം സ്ഥിരീക്കാന്‍ വഴിയില്ലെന്ന് പ്രതിരോധ കാര്യ വിദഗ്ധന്‍ അങ്കിത് പാണ്ഡെ വ്യക്തമാക്കി.

ഉത്തര കൊറിയയുടെ തുടര്‍ച്ചയായ മിസൈല്‍പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നീക്കം ഖേദകരമെന്നായിരുന്നു ജപ്പാന്‍ പ്രധാനമന്ത്രി യുടെ വാക്കുകള്‍. കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ ആയുധങ്ങള്‍ ആധുനീകരിക്കുന്ന പദ്ധതി നടപ്പാക്കി. ഹൈപ്പര്‍ സോണിക് മിസൈല്‍, ട്രെയിനില്‍ നിന്നു വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍, പുതിയ ദീര്‍ഘദൂര ക്രൂയിസ് മിസൈല്‍ എന്നിവ പരീക്ഷിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.