ധീരജിന്റെ മൃതദേഹം ഇന്ന് കണ്ണൂരിലേക്ക് കൊണ്ട് പോകും; സംസ്‌കാരം വീടിനടുത്ത് സിപിഎം വിലയ്ക്ക് വാങ്ങിയ സ്ഥലത്ത്

 ധീരജിന്റെ മൃതദേഹം ഇന്ന് കണ്ണൂരിലേക്ക് കൊണ്ട് പോകും; സംസ്‌കാരം വീടിനടുത്ത് സിപിഎം വിലയ്ക്ക് വാങ്ങിയ സ്ഥലത്ത്

ഇടുക്കി: കൊല്ലപ്പെട്ട ഇടുക്കി എഞ്ചിനീയറിംങ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. തുടര്‍ന്ന് വിലാപ യാത്രയായി സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. യാത്രക്കിടയില്‍ വിവിധ സ്ഥലത്ത് പൊതുദര്‍ശനത്തിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

താനാണ് ധീരജിനെ കുത്തിയതെന്ന് നിഖില്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത മറ്റ് അഞ്ചു പേരില്‍ ആരെയൊക്കെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്ന കാര്യത്തിലും പൊലീസ് ഇന്ന് തീരുമാനം എടുക്കും. ധീരജിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്. തളിപ്പറമ്പില്‍ എല്‍ഐസി ഏജന്റായ അച്ഛന്‍ രാജേന്ദ്രന്‍ തിരുവനന്തപുരം പാലോട് സ്വദേശിയാണ്.

ധീരജിന്റെ അനുജന്‍ അദ്വൈത് തളിപ്പറമ്പ് സര്‍ സയ്യിദ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കുടുംബം വര്‍ഷങ്ങളായി തളിപ്പറമ്പിലാണ് താമസം. ധീരജ് രാജേന്ദ്രന് വീടിനോട് ചേര്‍ന്ന് തന്നെയാണ് അന്ത്യവിശ്രമത്തിനുള്ള സ്ഥലം ഒരുക്കുന്നത്. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഇവിടെ ധീരജിന്റെ മൃതദേഹം സംസ്‌കരിക്കും.

ഈ സ്ഥലത്ത് ധീരജിന് സ്മാരകവും പണിയും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് നാല് മണിക്ക് ശേഷം തളിപ്പറമ്പില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.