ക്വാറന്റൈന്റെ പേരില്‍ 20 ദശലക്ഷം പേര്‍ക്കു ചൈനയില്‍ വീട്ടുതടങ്കല്‍; ക്യാമ്പുകളിലെ താമസത്തിന് ലോഹപ്പെട്ടികളും

ക്വാറന്റൈന്റെ പേരില്‍ 20 ദശലക്ഷം പേര്‍ക്കു ചൈനയില്‍ വീട്ടുതടങ്കല്‍; ക്യാമ്പുകളിലെ താമസത്തിന്  ലോഹപ്പെട്ടികളും

ബീജിംഗ്:ഒമിക്രോണിനെ പ്രതിരോധിക്കാനുള്ള കടുത്ത നടപടികളുടെ ഫലമായി ചൈനയിലെ ഏകദേശം 20 ദശലക്ഷം പേര്‍ അപ്രഖ്യാപിത 'വീട്ടു തടങ്കലി'ലെന്ന് റിപ്പോര്‍ട്ട്. സിയാനിലെ 13 ദശലക്ഷത്തിലധികം ആളുകള്‍ ക്വാറന്റൈനിലാണെന്നും ഇവര്‍ക്ക്  ഭക്ഷണം വാങ്ങാന്‍ പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് സര്‍ക്കാരിന്റെ വിലക്കുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.ഗര്‍ഭിണികളും കുട്ടികളും പ്രായമായവരുമുണ്ട് ഇതില്‍.

ചെറിയ പെട്ടികളില്‍ തടികൊണ്ടുള്ള കിടക്കയും ടോയ്ലറ്റുകളും അവയ്ക്കുള്ളില്‍ ഞെരുങ്ങി നില്‍ക്കുന്ന ആളുകളെയും കാണാം, ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോകളിലും ചിത്രങ്ങളിലും. രണ്ടാഴ്ചയോളം അവിടെ തുടരാനാണ് അവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം.ഒമിക്രോണ്‍ വേരിയന്റിന്റെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് 5.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന അന്‍യാങ്  അടച്ചുപൂട്ടി. 

2020 ല്‍ കോവിഡ് വ്യാപനത്തിന്റെ തുടക്ക കാലത്ത് വുഹാനും ഹുബെ പ്രവിശ്യയിലെ ഭൂരിഭാഗവും അടച്ചുപൂട്ടിയതിന് ശേഷം ചൈന അടച്ച് പൂട്ടുന്ന ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശമാണ് അന്‍യാങ്ങ്. ഫെബ്രുവരി 4 ന് ബീജിംഗില്‍ ആരംഭിക്കുന്ന വിന്റര്‍ ഒളിമ്പിക്സിന് മുന്നോടിയായി ഒമിക്രോണിന്റെ സാന്നിധ്യം ഇല്ലാതാക്കാനാണ് ചൈനയുടെ കൊണ്ടുപിടിച്ച ശ്രമം.ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയും, അതിര്‍ത്തികള്‍ അടച്ചും, കൂട്ട പരിശോധനകള്‍ നടത്തിയുമെല്ലാമാണ് രാജ്യം ഇപ്പോള്‍ കൊറോണയെ പ്രതിരോധിക്കുന്നത്.  

അതിനായി നഗരങ്ങളെ അപ്പാടെ ലോക്ഡൗണിലേക്ക് തള്ളിവിടുകയാണ്. ഒരു കോവിഡ് പൊട്ടിത്തെറി തടയുന്നതിന് അത്‌ലറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് രോഗ നിയന്ത്രണത്തിന്റെ ഉത്തരവാദിത്തമുള്ള ബീജിംഗ് ഒളിമ്പിക്സ് ഉദ്യോഗസ്ഥന്‍ ഹുവാങ് ചുന്‍ പറഞ്ഞു.

രോഗബാധിതരായ ആളുകളെ എത്രയും വേഗം തിരിച്ചറിയുന്നതിനും 'ഒറ്റപ്പെടുത്തുന്നതിനുമുള്ള' ചൈനയുടെ കോവിഡ് പ്രതിരോധ തന്ത്രത്തിലെ പതിവ് നടപടിക്രമമായ താമസക്കാരുടെ കൂട്ട പരിശോധന സുഗമമാക്കുന്നതിനുള്ള നടപടിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ അനിയാങ്ങിന്റെ  ലോക്ക്ഡൗണ്‍ എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല.

പ്രഭവകേന്ദ്രത്തിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക കവച വസ്ത്രം ധരിച്ച തൊഴിലാളികളാണ് ഭക്ഷണം നല്‍കുന്നത്. രോഗികളോട് ഏതാണ്ട് തടവുകാരോടെന്ന് പോലെയാണ് പെരുമാറുന്നത്. ഇത്തരം കോവിഡ് സെന്ററുകളില്‍ താമസിച്ചവര്‍ പറയുന്നത് തണുത്തുറഞ്ഞ ലോഹപ്പെട്ടികളില്‍ തങ്ങള്‍ക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമാണ് അനുവദിച്ചിരുന്നതെന്നാണ്. ഇടുങ്ങിയ ഒരു മുറിയാണ് ഇത്തരം മെറ്റല്‍ ബോക്സ്. ഇതിനുള്ളില്‍ തന്നെ ഒരു ശുചിമുറിയും ഉണ്ടായിരിക്കും.


ജനുവരി 1 ന് അര്‍ദ്ധരാത്രിക്ക് ശേഷം മിംഗ്ഡെ 8 യിംഗ്ലി ഹൗസിംഗ് കോമ്പൗണ്ടിലെ താമസക്കാരോട് വീടുവിട്ട് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 30 ബസുകളാണ് ഇവിടെ എത്തി ചേര്‍ന്നത്. ഇവിടെ നിന്ന് 1,000 പേരെ സ്ഥലം മാറ്റി. താമസക്കാരെ മണിക്കൂറുകളോളം ബസുകളില്‍ നിര്‍ത്തി. 

'അവര്‍ രാത്രിയില്‍ ആയിരത്തിലധികം ആളുകളെ ഒറ്റയടിക്ക് കൊണ്ട് പോയി. ഞങ്ങളില്‍ പലരും പ്രായമായവരും കുട്ടികളുമാണ്. അവര്‍ ശരിയായ ക്രമീകരണങ്ങളൊന്നും ചെയ്തിട്ടില്ല.ഞങ്ങളെ തികച്ചും അശ്രദ്ധമായാണ് പാര്‍പ്പിച്ചിരിക്കുന്നത്..' എന്നിങ്ങനെ സാമൂഹ്യമാധ്യമങ്ങളില്‍ ചൈനയിലെ  ക്വാറന്റൈന്‍ രീതികള്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് നടക്കുന്നത്. 

ക്യാമ്പിന് പുറത്ത്, ആവിയില്‍ വേവിച്ച ബണ്ണുകള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ ഒരാളെ പാന്‍ഡെമിക് തൊഴിലാളികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടി. അനിയാങ്ങിലും യൂഷൂവിലുമായി ഇപ്പോള്‍  20 ദശലക്ഷം ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ കഴിയുകയാണെന്നാണ് വാര്‍ത്തകള്‍.ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നഗരങ്ങളിലുള്ളവരുടെ ജീവിതം അതീവ ദുസ്സഹമാണെന്ന് ഇവിടുത്തെ താമസക്കാര്‍ ബിബിസിയോട് പറഞ്ഞു.  


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.