ചികിത്സയ്ക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്

ചികിത്സയ്ക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകും. താല്‍ക്കാലിക ചുമതല ആര്‍ക്കെങ്കിലും നല്‍കുമോയെന്നതില്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാകും. സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാകും രാവിലെ 11ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുക.

നാളെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചില ഔദ്യോഗിക യോഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാറശാലയില്‍ ആരംഭിക്കുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആദ്യദിവസം പങ്കെടുക്കും.

ശനിയാഴ്ച അമേരിക്കയിലേക്ക് തിരിക്കുന്ന അദ്ദേഹം ഈ മാസം അവസാനം മടങ്ങിയെത്തും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഔദ്യോഗിക ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇ-ഫയലിംഗ് വഴി അത്യാവശ്യ ഫയലുകള്‍ അദ്ദേഹം നോക്കി. അന്ന് വ്യവസായമന്ത്രിയായിരുന്ന ഇ.പി ജയരാജന് പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കുന്നതിന്റെ ചുമതല മാത്രം കൈമാറി.

ഇപ്പോള്‍ മന്ത്രിസഭായോഗം പലപ്പോഴും ഓണ്‍ലൈനായാണ് ചേരുന്നത് . അമേരിക്കയില്‍ നിന്നായാലും മുഖ്യമന്ത്രിക്ക് യോഗത്തില്‍ അധ്യക്ഷത വഹിക്കാനാവും. കോവിഡ് അവലോകന യോഗവും ഇത്തരത്തില്‍ ചേരാനാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.