കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റി.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. അപായപ്പെടുത്താന്‍ ഗൂഢാലോചനയെന്ന കേസ് പൊലീസിന്റെ കള്ളകഥ ആണെന്നും ഹര്‍ജിയില്‍ പറയുന്നു.
ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ പ്രധാന ആരോപണം.
ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും വ്യാഴാഴ്ച്ച നടത്തിയ റെയ്ഡില്‍ പൊലീസ് മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെത്താനും ദിലീപിന്റെ പക്കലുണ്ടെന്ന് പറയപ്പെടുന്ന തോക്ക് പിടിച്ചെടുക്കാനുമായിരുന്നു പരിശോധന.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വിവിധ കേന്ദ്രങ്ങളിലായി ക്രൈംബ്രാഞ്ച് പരിശോധനയ്‌ക്കെത്തിയത്. നടിയെ ആക്രമിച്ച കേസിലും വധഭീഷണിക്കേസിലും റെയ്ഡ് നടത്താന്‍ പൊലീസിന് കോടതിയുടെ അനുമതിയും കിട്ടിയിരുന്നു. ആലുവയിലെ ദിലീപിന്റെ വീട്, സഹോദരന്‍ അനൂപിന്റെ വീട്, ഇവരുടെ ഉടമസ്ഥതയിലുളള ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
രാത്രി എഴുമണിയോടെയാണ് പരിശോധന പൂര്‍ത്തിയായത്. ദിലീപിന്റേതടക്കം മൂന്നു മൊബൈല്‍ ഫോണുകള്‍, കംപ്യുട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, രണ്ട് ഐപ്പാഡ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി.
നടിയെ ആക്രമിച്ച കേസിലെ അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് ഭീഷണിമുഴക്കിയപ്പോള്‍ തോക്ക് കൈവശം ഉണ്ടായിരുന്നതായും ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിനു വേണ്ടിക്കൂടിയായിരുന്നു ഇന്നലത്തെ പൊലീസ് റെയ്ഡ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.