കോവിഡ് വ്യാപനം രൂക്ഷം; തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം

കോവിഡ് വ്യാപനം രൂക്ഷം; തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതോടെ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതു യോഗങ്ങളും സാമൂഹിക ഒത്തു ചേരലുകളും നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

അമ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തു ചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി.

കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേത് ഉള്‍പ്പടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.