ശാന്തസമുദ്രത്തില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; ടോംഗോ ദ്വീപില്‍ ആഞ്ഞടിച്ച് തിരമാലകള്‍; വീഡിയോ

ശാന്തസമുദ്രത്തില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; ടോംഗോ ദ്വീപില്‍ ആഞ്ഞടിച്ച് തിരമാലകള്‍; വീഡിയോ

നുകുഅലോഫ: തെക്കന്‍ ശാന്തസമുദ്രത്തിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് ദ്വീപ് രാജ്യമായ ടോംഗയില്‍ സുനാമി ആഞ്ഞടിച്ചതായി റിപ്പോര്‍ട്ട്. തീരദേശ പ്രദേശങ്ങളില്‍ വീടുകളിലൂടെ തിരമാലകള്‍ ആഞ്ഞടിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഹംഗാ ടോംഗ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച മുതല്‍ അഗ്‌നിപര്‍വതത്തില്‍ ആദ്യ സ്‌ഫോടനമുണ്ടായെങ്കിലും ശനിയാഴ്ച പ്രാദേശിക സമയം 5.26-ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് 20 കിലോമീറ്റര്‍ അകലെ വരെ ചാരം എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിനടിയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനു പിന്നാലെ ടോംഗോ കാലാവസ്ഥാ സേവന കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ടോംഗോ രാജാവായ ടുപോ ആറാമനെ തീരത്തിനടുത്തുള്ള അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ നിന്ന് പോലീസും സൈനികരും ചേര്‍ന്ന് ഒഴിപ്പിച്ചു.


ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് അഗ്‌നിപര്‍വതം സ്ഥിതി ചെയ്യുന്നത്. സൂനാമി മുന്നറിയിപ്പിനൊപ്പം കനത്ത മഴക്കും മിന്നല്‍ പ്രളയത്തിനും കാറ്റിനുമുള്ള മുന്നറിയിപ്പും അധികൃതര്‍ നല്‍കി. സമീപ ദ്വീപ് രാഷ്ട്രമായ ഫിജിയിലും താഴ്ന്ന മേഖലകളിലെ ജനങ്ങളോട് സുരക്ഷിത ഇടങ്ങളിലേക്ക് മാറാനുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹംഗാ ടോംഗ അഗ്‌നിപര്‍വതം ഡിസംബര്‍ 20 മുതല്‍ സജീവമായിരുന്നു. എന്നാല്‍, ജനുവരി 11ന് നിര്‍ജീവമായതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്.

ഹാപയ്, ടോങ്ഗടാപു, വാവവ് എന്നീ മൂന്നു പ്രധാന ദ്വീപസമൂഹങ്ങള്‍ ഉള്‍പ്പെടുന്നതാണ് ടോംഗ. ഇവയിലെ ഭൂരിഭാഗം ദ്വീപുകളും പവിഴ ദ്വീപുകളാണ്. ജനങ്ങളില്‍ ഭൂരിഭാഗവും ഇവിടെയാണ് നിവസിക്കുന്നത്. പവിഴ ദ്വീപുകള്‍ക്ക് പുറമെ അഗ്നിപര്‍വത ദ്വീപുകളുടെ ഒരു ശൃംഖല തന്നെ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇവയില്‍ ചിലത് സജീവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.