മാര്‍ ജോസഫ് പാംപ്ലാനി തലശേരി ആര്‍ച്ച്ബിഷപ്; മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് ബിഷപ്

മാര്‍ ജോസഫ് പാംപ്ലാനി തലശേരി ആര്‍ച്ച്ബിഷപ്; മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പാലക്കാട് ബിഷപ്

കൊച്ചി: തലശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. ജനുവരി ഏഴ് മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നുകൊണ്ടിരുന്ന സിനഡിലാണ് തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് റോമന്‍ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30ന് കാക്കനാട് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയായിലും നടന്നു.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രഖ്യാപനം നടത്തിയത്. അറിയിപ്പിനു ശേഷം മാര്‍ ആലഞ്ചേരിയും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടും പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തും നിയുക്ത പിതാക്കന്മാരെ പൊന്നാട അണിയിച്ചും ബൊക്കെ നല്‍കിയും അനുമോദിച്ചു. സീറോ മലബാര്‍ സഭാ സിനഡില്‍ പങ്കെടുക്കുന്ന പിതാക്കന്മാരും വൈദികരും സിസ്റ്റേഴ്‌സും അല്‍മായ സഹോദരങ്ങളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

തലശ്ശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ പാംപ്ലാനി, പാംപ്ലാനിയില്‍ തോമസ്-മേരി ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി 1969 ഡിസംബര്‍ മൂന്നിന്് ജനിച്ചു. തലശേരി അതിരൂപതയിലെ ചരള്‍ ഇടവകാംഗമാണ്. ചരള്‍ എല്‍. പി. സ്‌കൂള്‍, കിളിയന്തറ യു. പി. സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസവും നിര്‍മ്മലഗിരി കോളേജില്‍ പ്രീഡിഗ്രിയും കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദിക പരിശീലനത്തിനായി തലശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.

തുടര്‍ന്ന് ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും നടത്തിയ നിയുക്ത ആര്‍ച്ച്ബിഷപ് 1997 ഡിസംബര്‍ 30ന് മാര്‍ ജോസഫ് വലിയമറ്റം പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് പേരാവൂര്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും ദീപഗിരി ഇടവകയില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. 2001 ല്‍ ഉപരിപഠനാര്‍ഥം ബല്‍ജിയത്തിലെത്തിയ നിയുക്ത ആര്‍ച്ച്ബിഷപ് പ്രസിദ്ധമായ ലുവെയിന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി.

2006 ല്‍ നാട്ടില്‍ തിരിച്ചെത്തി തലശേരി ബൈബിള്‍ അപ്പസ്റ്റൊലേറ്റ് ഡയറക്ടറായി നിയമിതനായി. ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ബിഷപ് പാംപ്ലാനി ആലുവാ, വടവാതൂര്‍, കുന്നോത്ത്, തിരുവനന്തപുരം സെന്റ് മേരീസ്, ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്‌സ് എന്നീ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ നിയുക്ത ആര്‍ച്ച്ബിഷപ് 2017 നവംബര്‍ എട്ടു മുതല്‍ തലശേരി അതിരൂപതയുടെ സഹായ മെത്രാനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജര്‍മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. തലശേരി അതിരൂപത അധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് ഞറളക്കാട്ട് വിരമിച്ച ഒഴിവിലാണ് മാര്‍ ജോസഫ് പാംപ്ലാനി നിയമിതനായിരിക്കുന്നത്.

പാലക്കാട് രൂപതയുടെ മൂന്നാമത്തെ മെത്രാനായിട്ടാണു മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിയമിക്കപ്പെടുന്നത്. 1964 മെയ് 29ന് പാലാ രൂപതയിലെ മരങ്ങോലി ഇടവകയിലാണു ജനനം. മാതാപിതാക്കള്‍ പരേതരായ മാണിയും ഏലിക്കുട്ടിയും. 1981 ല്‍ പാലക്കാട് രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം ആലുവാ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലാണ് തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്.

1990 ഡിസംബര്‍ 29ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലക്കാട് രൂപതയിലെ വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്ത അദ്ദേഹം സഭാ കോടതിയുടെ അധ്യക്ഷനായും രൂപതാ ചാന്‍സലറായും വികാരി ജനറാളായും മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിട്ടുണ്ട്.

ബാഗ്‌ളൂര്‍ സെന്റ് പീറ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സഭാനിയമത്തില്‍ ലൈസന്‍ഷ്യേറ്റ് പഠനം പൂര്‍ത്തിയാക്കിയ നിയുക്ത മെത്രാന്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

2020 ജനുവരി 15ന് പാലക്കാട് സഹായ മെത്രാനായി നിയമിക്കപ്പെട്ട അദ്ദേഹം 2020 ജൂണ്‍ 18ന് അഭിഷിക്തനായി. പാലക്കാട് രൂപതാധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് വിരമിച്ച ഒഴിവിലേക്കാണ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിയമിതനായിരിക്കുന്നത്. നിയുക്ത പിതാക്കന്മാരുടെ സ്ഥാനാരോഹണം സംബന്ധിച്ച തീയതികള്‍ പിന്നീട് തീരുമാനിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.