നടിയെ ആക്രമിച്ച കേസ്; കോട്ടയത്തെ വ്യവസായിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസ്; കോട്ടയത്തെ വ്യവസായിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുള്ളയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇയാളുടെ ശബ്ദ സാമ്പിള്‍ ശേഖരിക്കാനായി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കും.

ശബ്ദസാമ്പിള്‍ പരിശോധിച്ച ശേഷമായിരിക്കും മെഹബൂബിനെ പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. കാവ്യാ മാധവനും ദിലീപും അടക്കം ഏഴ് പേരുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കും.

കേസില്‍ ദിലീപിനെ സഹായിച്ച വിഐപി താനല്ലെന്നും, അടുത്തകാലത്തൊന്നും നടന്റെ വീട്ടില്‍ പോയിട്ടില്ലെന്നും മെഹബൂബ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നാര്‍കോ അനാലിസിസ് പരിശോധനയ്ക്കുള്‍പ്പടെ താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിനെ ഏല്‍പ്പിച്ചത് കേസിലെ വിഐപി ആണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരെയും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയേയും ആക്രമിക്കാന്‍ ഇതേ വിഐപി പദ്ധതിയിട്ടിരുന്നതായും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. അതേസമയം കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി നാളെ വിധി പറയും.

കേസിലെ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.