'ലൈംഗിക ക്വട്ടേഷ'ന്റെ മുഖ്യസൂത്രധാരന്‍ ദിലീപ്; 20 സാക്ഷികളെ കൂറുമാറ്റി, ചോദ്യം ചെയ്യണം: മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

'ലൈംഗിക ക്വട്ടേഷ'ന്റെ മുഖ്യസൂത്രധാരന്‍ ദിലീപ്; 20 സാക്ഷികളെ കൂറുമാറ്റി, ചോദ്യം ചെയ്യണം: മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നടിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനാണ് ദിലീപ്. നടിക്കെതിരെ നടന്നത് ക്വട്ടേഷന്‍ ആക്രമണമാണെന്നും ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.

ലൈംഗിക പീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ പറയുന്നു.

ഇത് അസാധാരണ കേസാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി തെളിവുകള്‍ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.

വിചാരണ തടസപ്പെടുത്താന്‍ ദിലീപ് നിരന്തരം ശ്രമിക്കുന്നു. 20 സാക്ഷികളുടെ കൂറുമാറ്റത്തിന് പിന്നില്‍ ദിലീപാണ്. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ശബ്ദ സാമ്പിളുകളും പരിശോധിക്കണം. നിരവധി തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.

ദീലിപിന്റേയും സഹോദരന്റേയും വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ 19 വസ്തുക്കള്‍ കണ്ടെത്തി. നിയമത്തെ മറികടക്കാനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തി വരുന്നുണ്ട്. നടിയെ അക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ തുടങ്ങിയ ശ്രമമാണെന്നും പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കി.

നാളെയാണ് ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.