മുഖ്യമന്ത്രി ഇടപെട്ടു, ഗവര്‍ണര്‍ മയപ്പെട്ടു; സര്‍വകലാശാല ഫയലുകള്‍ വീണ്ടും നോക്കിത്തുടങ്ങി

മുഖ്യമന്ത്രി ഇടപെട്ടു, ഗവര്‍ണര്‍ മയപ്പെട്ടു; സര്‍വകലാശാല ഫയലുകള്‍ വീണ്ടും നോക്കിത്തുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമം. വിവാദങ്ങള്‍ അവസാനിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ചാന്‍സലറുടെ പദവി നിര്‍വ്വഹിച്ചു തുടങ്ങി. അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് കാരണമായത്. നാലു കത്തുകള്‍ അയച്ച മുഖ്യമന്ത്രി രണ്ടു തവണ ഗവര്‍ണറുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.

ആദ്യ മൂന്നു കത്തു ലഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നിലപാടില്‍ തൃപ്തനാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ചാന്‍സലര്‍ പദവി താന്‍ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തുടക്കത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തുടര്‍ന്ന് സര്‍ക്കാരിനെതിരെ പരസ്യ വിമര്‍ശനവും നടത്തി. ഇതിനിടയില്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ചാന്‍സലറുടെ ശുപാര്‍ശ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പോലും ചേരാതെ തള്ളിക്കളഞ്ഞത് പോരിന്റെ ശക്തി കൂട്ടുകയായിരുന്നു.

കേരള സര്‍വകലാശാല വിസിക്ക് ഇംഗ്ലീഷ് ശരിയായി എഴുതാന്‍ പോലും അറിയില്ലെന്ന് പരിഹസിച്ചും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. എന്തുകൊണ്ട് ഡിലിറ്റ് നിഷേധിച്ചു എന്നു വ്യക്തമാക്കുന്ന വിസിയുടെ വിശദീകരണക്കുറിപ്പാണ് ഗവര്‍ണറെ ക്ഷുഭിതനാക്കിയത്.

തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. അതോടെ ഗവര്‍ണര്‍ക്ക് ഫയല്‍ അയക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഇപ്പോള്‍ സംഘര്‍ഷം അവസാനിച്ചതോടെ വീണ്ടും ഫയല്‍ അയച്ചു തുടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.