കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പാമ്പുപിടിത്ത വിദഗ്ധന്‍ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി മെച്ചപ്പെട്ടു. രക്തസമ്മര്‍ദം സാധാരണനിലയിലായി. ഹൃദയമിടിപ്പും സാധാരണനിലയിലായിട്ടുണ്ട്.
സുരേഷ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. ഇന്നലെ വൈകിട്ട് 4.30നു കുറിച്ചി കരിനാട്ടുകവലയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് വലതു കാല്‍മുട്ടിനു മുകളില്‍ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കരിനാട്ടുകവലയിലെ വീട്ടില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയില്‍ ഒരാഴ്ച മുന്‍പാണ് പാമ്പിനെ കണ്ടത്. അന്ന് വിളിച്ചെങ്കിലും സുരേഷ് അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ എത്താന്‍ കഴിഞ്ഞില്ല. ഇന്നലെ എത്തിയ സുരേഷ് ആറടിയിലേറെ നീളമുള്ള മൂര്‍ഖനെ വാലില്‍ തൂക്കിയെടുത്ത ശേഷം ചാക്കിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ആദ്യം പാമ്പ് ചീറ്റിയെങ്കിലും ഒഴിഞ്ഞുമാറി. എന്നാല്‍, രണ്ടാംതവണ കാലില്‍ ആഞ്ഞുകൊത്തി. പാമ്പിനെ വിട്ട് സുരേഷ് നിലത്തിരുന്നെങ്കിലും പിന്നീടു പിടികൂടി വലിയ കുപ്പിയിലേക്കു മാറ്റി.
ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കോട്ടയം അടുക്കാറായപ്പോഴേക്കും സുരേഷിന്റെ ബോധം മറഞ്ഞു. തുടര്‍ന്ന് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം കട്ടപിടിക്കുന്ന അവസ്ഥ തുടര്‍ന്നത് ആശങ്കയുണര്‍ത്തി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.