വിസ്മയ കേസ്: കിരണിന്റെ പിതാവ് മൊഴി മാറ്റി

വിസ്മയ കേസ്: കിരണിന്റെ പിതാവ് മൊഴി മാറ്റി

കൊല്ലം: വിസ്മയ കേസ് വിചാരണക്കിടെ മൊഴി മാറ്റി പ്രതി കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള. ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെ 11-ാം സാക്ഷിയായി വിസ്തരിക്കവെയാണ് പൊലീസില്‍ നല്‍കിയ മൊഴി മാറ്റി പറഞ്ഞത്.

സംഭവ ദിവസം വിസ്മയയും കിരണും തമ്മില്‍ വഴക്കുണ്ടായെന്നും വിസ്മയയുടെ കഴുത്തിലെ കെട്ടഴിച്ച് കുളിമുറിയില്‍ കിടക്കുന്നനിലയിലാണ് കണ്ടതെന്നും പൊലീസില്‍ കൊടുത്ത മൊഴിയാണ് സദാശിവന്‍ പിള്ള കോടതിയില്‍ നിഷേധിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥിക്കുകയും കോടതി അനുവദിക്കുകയും ചെയ്തു.

സംഭവ ദിവസം 11.30-ന് വിസ്മയയുടെ കരച്ചില്‍കേട്ട് ചെന്നപ്പോള്‍ വിസ്മയ അച്ഛനയച്ച സന്ദേശത്തിന് മോശം പ്രതികരണം കിട്ടിയതിനാലാണെന്ന് പറഞ്ഞു. രാത്രി ഒന്നരയോടെ കിരണിന്റെ ശബ്ദം കേട്ട് അവരുടെ മുറിയില്‍ എത്തിയപ്പോള്‍ കുളിമുറിയുടെ വാതില്‍ അടഞ്ഞു കിടന്നു. വിളിച്ചിട്ട് കേള്‍ക്കാത്തതിനാല്‍ കിരണുമായി ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് കയറിയപ്പോള്‍ വിസ്മയ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.

താനും കൂടി ചേര്‍ന്ന് താങ്ങി അഴിച്ച് കുളിമുറിയില്‍ കിടത്തി. കിരണ്‍ നെഞ്ചത്ത് ശക്തിയായി അമര്‍ത്തുകയും കൃത്രിമ ശ്വാസം കൊടുക്കുകയും ചെയ്തു. മൂക്കില്‍വിരല്‍വെച്ചു നോക്കിയപ്പോള്‍ മരിച്ചതായി മനസിലായി. തലയിണയുടെ അടിയില്‍ ആത്മഹത്യക്കുറിപ്പ് കണ്ടു. ഇതുമായി പൊലീസ് സ്റ്റേഷനില്‍ പോയി അവിടെ ഒരു ഉദ്യോസ്ഥനെ ഏല്‍പ്പിച്ചു. തിരികെവന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് വിസ്മയയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നുമാണ് കോടതിയില്‍ മൊഴി നല്‍കിയത്.

ക്രോസ് വിസ്താരത്തില്‍ ആത്മഹത്യക്കുറിപ്പ് പൊലീസില്‍ കൊടുത്തത് പ്രധാനപ്പെട്ട കാര്യമാണെന്ന് അറിയാമെന്നും അത് കോടതിയില്‍ ഹാജരാക്കാത്തത് സംബന്ധിച്ച് ഒരു പരാതിയും ആര്‍ക്കും കൊടുത്തില്ലെന്നും മൊഴി നല്‍കി. മുന്‍ അഭിഭാഷകനോട് ആത്മഹത്യക്കുറിപ്പ് ഉള്ളവിവരം പറഞ്ഞിരുന്നു. വിവരം മാധ്യമങ്ങളോട് പറഞ്ഞോ എന്ന ചോദ്യത്തിന് പേടി കാരണം പറഞ്ഞില്ല എന്നായിരുന്നു ഉത്തരം. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍, അന്ന് വഴക്കുണ്ടായതായും കയറിച്ചെല്ലുമ്പോള്‍ വിസ്മയയുടെ ശരീരം താഴെ കിടക്കുന്നതാണ് കണ്ടതെന്നും പറഞ്ഞത് കള്ളമാണെന്ന് സദാശിവന്‍ പിള്ള മൊഴി നല്‍കി. വിസ്മയ മരിച്ച വിവരം സദാശിവന്‍ പിള്ളയാണ് അറിയിച്ചതെന്ന് സഹോദരപുത്രനായ അനില്‍കുമാര്‍ മൊഴി നല്‍കി.

സദാശിവന്‍ പിള്ളയും കിരണും തമ്മില്‍ 2021 ജനുവരി മൂന്നിന് നടന്നതുള്‍പ്പെടെയുള്ള ഫോണ്‍ സംഭാഷണങ്ങള്‍ കോടതിയില്‍ കേട്ടു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജും പ്രതിഭാഗത്തിനു വേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയും ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.