എന്‍ഡോസള്‍ഫാന്‍ മേഖലയിലെ കുഞ്ഞിന്റെ മരണം; ആരോഗ്യ സംവിധാനങ്ങള്‍ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി ദയാ ബായ്

എന്‍ഡോസള്‍ഫാന്‍ മേഖലയിലെ കുഞ്ഞിന്റെ മരണം; ആരോഗ്യ സംവിധാനങ്ങള്‍ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി ദയാ ബായ്

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഒന്നര വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തക ദയാ ബായ്. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് ആരോപിച്ചു കൊണ്ടാണ് ദയാ ബായിയുടെ പ്രതികരണം. ആശുപത്രികളുടെ കുറവുകൊണ്ടോ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അവഗണന കൊണ്ടോ ആണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് ദയാ ബായ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

എല്ലാവരും മരിച്ച് തീരണമെന്നായിരിക്കും ഇത്തരം സംവിധാനങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു ന്യൂറോളജിസ്റ്റിനെ ഈ പ്രദേശത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി തങ്ങള്‍ പൊരുതുകയാണ്. എയിംസ് പോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി ജില്ലയില്‍ വരണമെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നും ദയാ ബായ് വ്യക്തമാക്കി.
മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മരിച്ച കുട്ടിയുടെ മൃതദേഹം എയിംസ് നിരാഹാര സമരവേദിയിലെത്തിച്ചായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ ദയനീയമാണെന്നാണ് ആരോപിച്ചു കൊണ്ടാണ് ജനകീയ സമിതി പ്രതിഷേധം നടത്തുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ സമാനമായ സംഭവങ്ങള്‍ മുന്‍പും നടന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധമെന്ന് സമരസമിതി അംഗങ്ങള്‍ പറഞ്ഞു. ഒരു മാസത്തിനിടെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം മരിച്ചിട്ടുണ്ടെന്നും ആരോഗ്യ സംവിധാനങ്ങളുടെ പരാജയമാണ് ഇതിന് കാരണമെന്നും സമരസമിതി ആരോപിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ തകരാറിലായിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

പെരിഞ്ച ആദിവാസി കോളനിയിലെ മോഹനന്‍ ഉഷ ദമ്പതികളുടെ മകള്‍ ഇന്നലെയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കാസര്‍ഗോഡ് എത്തിച്ചത്. പിന്നീട് ഇന്ന് രാവിലെ മൃതദേഹം പ്രതിഷേധത്തിന്റെ ഭാഗമായി സമര വേദിയിലേക്ക് കൊണ്ടു വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.