തിരുവനന്തപുരം: മുപ്പത്തിരണ്ട് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനം പൂര്‍ത്തിയാക്കി ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു. 75 വയസ് പൂര്‍ത്തിയായതോടെയാണ് അദ്ദേഹം സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് ഉള്ള ഭരണ ചുമതലകളില്‍ നിന്നും പൂര്‍ണമായും വിരമിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഡോ.തോമസ് നെറ്റോയാണ് തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പ്. പാളയം പള്ളിയില്‍ നടന്ന ദിവ്യബലിക്കിടെ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ മെത്രാനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് എം.സൂസപാക്യത്തിന് 75 വയസ് പൂര്‍ത്തിയായത്. ശാരീരിക അവശതകളെ തുടര്‍ന്ന് സ്ഥാനം ഒഴിയാന്‍ ഡോ.സൂസപാക്യം നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു.
ആഗ്രഹിച്ചതിന്റെ അംശം പോലും നിറവേറ്റാന്‍ തനിക്കു കഴിഞ്ഞിട്ടില്ലെന്ന് ഡോ.സൂസപാക്യം വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തല്‍ അല്ല പ്രധാനം. എന്റെ കഴിവുകള്‍ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാന്‍ എന്നെ വിട്ടുകൊടുക്കുന്നുവെന്നും ഡോ.സൂസപാക്യം പറഞ്ഞു.
പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താന്‍. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നേട്ടങ്ങള്‍. 32 കൊല്ലം സഹകരിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘര്‍ഷവും ഞാന്‍ മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറാന്‍ ആഗ്രഹവും പ്രകടിപ്പിച്ചു. എന്നാല്‍ സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. ഡോ.ക്രിസ്തുദാസ് സ്ത്യുത്യര്‍ഹമായ രീതിയില്‍ ചുമതല നിര്‍വഹിച്ചുവെന്നും ഡോ.സൂസപാക്യം പറഞ്ഞു.
നിയുക്ത മെത്രാപ്പോലീത്ത തോമസ് നെറ്റോ 1964 ഡിസംബര്‍ 29 ന് ജേസയ്യ നെറ്റോയുടെയും, ഇസബെല്ല നെറ്റോയുടെയും മകനായി തിരുവനന്തപുരത്തെ പുതിയ തുറയില്‍ ജനിച്ചു. സെന്റ് നിക്കോളാസ് എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂര്‍ദ്പുരം സെന്റ് ഹെലന്‍സ് സ്‌കൂളിലും കാഞ്ഞിരംകുളം പി.കെ.എസ്. എച്ച്.എസ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് വൈദിക പഠനത്തിനായി സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ ചേരുകയും ചെയ്തു.
മൈനര്‍ സെമിനാരിയിലെ പഠനത്തിനുശേഷം ആലുവയിലെ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും 1983-86 കാലഘട്ടത്തില്‍ തത്വ ശാസ്ത്രവും 1986-89 കാലഘട്ടത്തില്‍ ദൈവശാസ്ത്ര പഠനവും പൂര്‍ത്തിയാക്കി. 1989 ഡിസംബര്‍ 19 ന് പാളയം കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് വൈദികപട്ടം സ്വീകരിച്ചു.
തുടര്‍ന്നുള്ള അഞ്ച് വര്‍ഷം പെരിങ്ങമ്മല, പാളയം ഇടവകകളില്‍ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസിസ്റ്റന്റ് വാര്‍ഡനായും, സഭൈക്യ-സംവാദ കമ്മീഷന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തില്‍ ലോയോള കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി.
തുടര്‍ന്ന് ഉപരി പഠനത്തിനായി 1995 ല്‍ റോമിലേക്ക് പോവുകയും ഉര്‍ബനിയാന യൂണിവേഴ്‌സിറ്റിയില്‍ സഭാ വിജ്ഞനീയത്തില്‍ ഗവേഷണ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. പിന്നീട് പേട്ട ഇടവക വികാരിയായി. 2000-2004 കാലഘട്ടത്തില്‍ ബി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ഫാ.തോമസ് നെറ്റോ 2003 മുതല്‍ 2010 വരെ മേനംകുളം സെന്റ് വിന്‍സെന്റ് സെമിനാരി റെക്ടരുമായിരുന്നു. 2008-2010 വര്‍ഷങ്ങളില്‍ ബോര്‍ഡ് ഓഫ് ക്ലര്‍ജി ആന്‍ഡ് റിലീജിയന്‍ ഡയറക്ടറയും സേവനം അനുഷ്ഠിച്ചുട്ടുണ്ട്.
2009 ല്‍ വലിയതുറ സെന്റ് ആന്റണിസ് ഫെറോന പള്ളിയുടെ താത്കാലിക മേല്‍നോട്ടം വഹിച്ചു. 2010-2014 കാലത്ത് തോപ്പ് സെന്റ് ആന്‍സ് ഇടവക വികാരിയായിരുന്നു. 2014 ല്‍ അതിരൂപത ശുശ്രുഷകളുടെ എപ്പസ്‌കോപല്‍ വികാരിയായി. തുടര്‍ന്ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റിന്‍ ദേവാലയത്തിലെ ഇടവക വികാരിയും കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു. നിലവില്‍ അതിരൂപത ശുശ്രുഷകളുടെ കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.