ബഹിരാകാശ നിലയത്തിന്റെ കാലാവധി കഴിയുന്നു; പസഫിക്ക് സമുദ്രത്തിലെ 'ശവപ്പറമ്പില്‍ അന്ത്യവിശ്രമം'

ബഹിരാകാശ നിലയത്തിന്റെ കാലാവധി കഴിയുന്നു; പസഫിക്ക് സമുദ്രത്തിലെ 'ശവപ്പറമ്പില്‍ അന്ത്യവിശ്രമം'

കാലിഫോര്‍ണിയ: രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയം (ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2030-ല്‍ ബഹിരാകാശ നിലയത്തെ പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു വീഴ്ത്താനാണ് നാസയുടെ പദ്ധതി.

പസഫിക്കിലെ ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന പോയിന്റ് നെമോ എന്ന സ്ഥലത്തേക്കാണ് രാജ്യാന്തര സ്‌പേസ് സ്റ്റേഷന്‍ വീഴ്ത്തുക.

2000-ല്‍ ബഹിരാകാശത്ത് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായ സ്‌പേസ് സ്റ്റേഷന്‍ ഇതിനകം 227 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചുകഴിഞ്ഞു. 19 രാജ്യങ്ങളില്‍ നിന്നുള്ള 200ലധികം ബഹിരാകാശ യാത്രികരാണ് സ്‌പേസ് സ്റ്റേഷനില്‍ മനുഷ്യരാശിക്ക് നിര്‍ണായകമായ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

സ്വകാര്യ കമ്പനികളുടെ സ്‌പേസ് സ്റ്റേഷനുകള്‍ കൂടുതലായി വന്നുതുടങ്ങും എന്ന നിഗമനത്തെതുടര്‍ന്നാണ് നാസ സ്‌പേസ് സ്റ്റേഷനെ തിരികെ വിളിക്കാനൊരുങ്ങുന്നത്. നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ കമ്പനികള്‍ ഇത്തരം സ്‌പേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഡയറക്ടര്‍ ഫില്‍ മകാലിസ്റ്റര്‍ പറഞ്ഞു.

പോയിന്റ് നെമോ; ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പ്

ന്യൂസിലന്‍ഡിന്റെ കിഴക്കന്‍ തീരത്തുനിന്ന് ഏകദേശം 3,000 മൈല്‍ അകലെയും അന്റാര്‍ട്ടിക്കയില്‍ നിന്ന് 2,000 മൈല്‍ വടക്കും സ്ഥിതി ചെയ്യുന്ന, കരയില്‍നിന്ന് ഏറ്റവും അകലെയുള്ള തെക്കന്‍ ശാന്തസമുദ്രത്തിലെ പ്രത്യേക മേഖലയാണ് പോയിന്റ് നെമോ. ഉപയോഗശൂന്യമായ ബഹിരാകാശ വാഹനങ്ങളും മറ്റും ഇവിടെ തള്ളുക പതിവാണ്. ഇങ്ങോട്ടേക്ക് ആരും എത്താറില്ല. ഇതു വഴി പോകുന്ന കപ്പലുകളും കുറവാണ്.

യു.എസ്, റഷ്യ, ജപ്പാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഉപയോഗിച്ചിട്ടുള്ള, 1971 മുതല്‍ 263-ലധികം ബഹിരാകാശ അവശിഷ്ടങ്ങള്‍ ഇവിടെ ആഴത്തില്‍ മുക്കിയിട്ടുണ്ട്. ഇവ ഒഴുക്കില്‍പെട്ട് ഏതെങ്കിലും തീരത്തു ചെന്നുകയറാനുള്ള സാധ്യത വിദൂരമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.