ഹിമാലയത്തിന്റെ മൂന്നു മടങ്ങുള്ള 'ബ്രഹ്‌മാണ്ഡ' പര്‍വ്വതങ്ങള്‍ മറഞ്ഞത് ജീവ പരിണാമത്തിന് വിശാല വഴി തുറന്ന്

 ഹിമാലയത്തിന്റെ മൂന്നു മടങ്ങുള്ള 'ബ്രഹ്‌മാണ്ഡ' പര്‍വ്വതങ്ങള്‍ മറഞ്ഞത് ജീവ പരിണാമത്തിന് വിശാല വഴി തുറന്ന്


കാന്‍ബെറ: യുഗങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ രൂപ മാറ്റം സംഭവിച്ച 'ബ്രഹ്‌മാണ്ഡ' പര്‍വ്വത നിരകളുടെ തലക്കുറിയെഴുതി ഒരു സംഘം ശാസ്ത്രജ്ഞര്‍. ഹിമാലയത്തിന്റെയത്ര ഉയരവുമായി ആയിരക്കണക്കിന് മൈലുകള്‍ നീണ്ടുകിടന്ന ഈ പുരാതന പര്‍വതങ്ങളുടെ നാശം ഭൂമിയിലെ ഏറ്റവും വലിയ പരിണാമ കുതിപ്പിന് ആക്കം കൂട്ടിയെന്ന നിഗമനവും പങ്കുവയ്ക്കുന്നു ഭൗമ ശാസ്ത്ര വിദഗ്ധര്‍.

ഇത്തരം രണ്ട് 'സൂപ്പര്‍ മൗണ്ടനുകള്‍' വ്യത്യസത തവണകളായി നമ്മുടെ ഗ്രഹത്തിന്റെ ചരിത്രം തിരുത്തിയെന്നാണ് കാന്‍ബെറയിലെ ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ (ANU) പോസ്റ്റ്ഡോക്ടറല്‍ വിദ്യാര്‍ത്ഥിയും പര്‍വത മഹിമകളെക്കുറിച്ചുള്ള പുതിയ പഠനത്തിന്റെ മുഖ്യ രചയിതാവുമായ സിയി ഷു പറയുന്നു.ഉയരത്തിന്റെ കാര്യത്തില്‍ ഹിമാലയത്തോടു കിട പിടിച്ച അവ ആയിരക്കണക്കിന് മൈലുകള്‍ നീണ്ടുകിടന്നിരുന്നു.പിന്നീട് ഭൂഖണ്ഡങ്ങള്‍ വിഭജിക്കപ്പെടുന്നതിനിടെ മെല്ലെ സമുദ്രങ്ങളിലേക്ക് തലതാഴ്ത്തി. '2,400 കി.മീ ആണ് ഹിമാലയത്തിന്റെ നീളമെങ്കില്‍ അതിന്റെ മൂന്നോ നാലോ തവണ ആവര്‍ത്തിച്ചാലുള്ള പര്‍വ്വത ശ്രേണി.'- സിയി ഷുവിന്റെ വാക്കുകള്‍.

ഈ ചരിത്രാതീത കൊടുമുടികള്‍ കേവലം വിസ്മയക്കാഴ്ചകള്‍ക്കപ്പുറമായി ഭൂമിയിലെ ഏറ്റവും വലിയ രണ്ട് പരിണാമ കുതിപ്പിന് ആക്കം കൂട്ടി.ഏകദേശം 2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച സങ്കീര്‍ണ്ണ കോശങ്ങളുടെ ആദ്യ രൂപ വികാസം, 541 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്ര ജീവികളുടെ ഉദ്ഭവത്തിനു നിദാനമായ 'കേംബ്രിയന്‍ സ്‌ഫോടനം' എന്നിവയുമായി 'സൂപ്പര്‍ മൗണ്ടനുകള്‍' ക്ക് അഭേദ്യ ബന്ധമാണുള്ളതെന്ന് എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ലെറ്റേഴ്സ് ജേണലിന്റെ ഫെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ ഷൂവും സഹപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.

ഭീമാകാരമായ പര്‍വതനിരകളില്‍ നിന്ന് ഒലിച്ചിറങ്ങിയ മണ്ണിലൂടെ വലിയ അളവില്‍ പോഷകങ്ങള്‍ കടലിലെത്തി. കടലിലെ ഊര്‍ജ്ജ ഉല്‍പാദനം ഇതുമൂലം വേഗത്തിലായി. പരിണാമത്തിന്റെ 'സൂപ്പര്‍ ചാര്‍ജി'ന് ഇതോടെ വഴിയൊരുങ്ങിയെന്നും ഗവേഷകര്‍ പറയുന്നു.

ഭീമന്മാരുടെ ഉദയം

ഭൂമിയുടെ സദാ മാറിക്കൊണ്ടിരിക്കുന്ന ടെക്റ്റോണിക് പ്ലേറ്റുകള്‍ അതിവിശാലമായ രണ്ട് ഭൂപ്രദേശങ്ങളുടെയിടയില്‍ അതിമര്‍ദ്ദമേല്‍പ്പിക്കുമ്പോഴാണ് ഉപരിതല പാറകള്‍ ഉയരങ്ങളിലേക്ക് തള്ളപ്പെട്ട് പര്‍വതങ്ങള്‍ രൂപം കൊള്ളുന്നത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളോ അതിലധികമോ കാലം പര്‍വതനിരകള്‍ക്ക് വളരാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും ഉയര്‍ന്ന പര്‍വത ശ്രേണികള്‍ പോലും കാലഹരണപ്പെടല്‍ തീയതിയോടെയാണ് ജനിക്കുന്നതെന്നു പറയാം. കാരണം കാറ്റില്‍ നിന്നും വെള്ളത്തില്‍ നിന്നും മറ്റ് ശക്തികളില്‍ നിന്നുമുള്ള മണ്ണൊലിപ്പ് കൊടുമുടികളെ നിരന്തരം ബാധിച്ചതോടെ ക്ഷയം അനിവാര്യമായിരുന്നു.

ആ കൊടുമുടികള്‍ ഗ്രഹത്തിന്റെ പുറംതോടില്‍ അവശേഷിപ്പിക്കുന്ന ധാതുക്കളെക്കുറിച്ച് പഠിച്ചുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ മുറിഞ്ഞ കണ്ണികള്‍ ഇണക്കാന്‍ ശ്രമിച്ചത്. ഉദാഹരണത്തിന്, സിര്‍ക്കോണ്‍ പരലുകള്‍ കനത്ത പര്‍വതനിരകള്‍ക്ക് താഴെയുള്ള ഉയര്‍ന്ന മര്‍ദ്ദത്തില്‍ രൂപം കൊള്ളുന്നു. അവയുടെ മാതൃപര്‍വ്വതങ്ങള്‍ അപ്രത്യക്ഷമായതിന് ശേഷവും പാറകളില്‍ സിര്‍ക്കോണ്‍ പരലുകള്‍ക്ക് അതിജീവിക്കാന്‍ കഴിയും. ഓരോ സിര്‍ക്കോണ്‍ കണത്തിന്റെയും കൃത്യമായ മൂലക ഘടനയ്ക്ക് ആ പരലുകള്‍ എപ്പോള്‍, എവിടെയാണ് രൂപപ്പെട്ടതെന്നു വ്യക്തമാക്കാന്‍ കഴിയുന്നതോടൊപ്പം ഉപരിതലത്തെ അവസ്ഥകളും വെളിപ്പെടുത്താന്‍ കഴിയും.

പുതിയ പഠനത്തില്‍, ഗവേഷകര്‍ കുറഞ്ഞ അളവിലുള്ള ലുട്ടെഷ്യം ഉള്ള സിര്‍കോണുകള്‍ കണ്ടെത്തി പരിശോധിച്ചത് നിര്‍ണ്ണായകമായി. ഉയരമേറിയ പര്‍വതങ്ങളുടെ അടിത്തട്ടില്‍ മാത്രം രൂപം കൊള്ളുന്ന അപൂര്‍വ ഭൗമ മൂലകമാണത്. ഭൂമിയുടെ ചരിത്രത്തിലെ വിപുലമായ 'സൂപ്പര്‍ മൗണ്ടന്‍' രൂപീകരണത്തിന്റെ രണ്ട് 'കുതിപ്പുകള്‍' ഈ ഡാറ്റ വെളിപ്പെടുത്തി. ഒന്ന് ഏകദേശം 2 ബില്യണ്‍ മുതല്‍ 1.8 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചു. രണ്ടാമത്തേത് 650 ദശലക്ഷം മുതല്‍ 500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പും.

ജീവ പരിണാമ കളിത്തൊട്ടില്‍

'ട്രാന്‍സ്ഗോണ്ട്വാനന്‍ സൂപ്പര്‍ മൗണ്ടന്‍' എന്നറിയപ്പെടുന്ന ഐതിഹാസിക പര്‍വത ശ്രേണിയെക്കുറിച്ച് മുന്‍ പഠനങ്ങള്‍ സൂചന നല്‍കിയിരുന്നു. ആധുനിക ആഫ്രിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, അന്റാര്‍ട്ടിക്ക, ഇന്ത്യ, ഇന്ത്യ, അറേബ്യ എന്നീ ഖണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭീമന്‍ ഭൂഖണ്ഡത്തിലായിരുന്നു അത്. എന്നിരുന്നാലും, 'നൂന സൂപ്പര്‍ മൗണ്ടന്‍' എന്ന് വിളിക്കപ്പെടുന്ന മുമ്പത്തെ ഭീമനെപ്പറ്റിയുള്ള വിവരം ഇതുവരെ ലഭ്യമായിട്ടില്ല.സിര്‍ക്കോണ്‍ പരലുകളുടെ പഠന ഡാറ്റ പ്രകാരം ഈ രണ്ട് പുരാതന സൂപ്പര്‍ മൗണ്ടനുകളും വളരെ നീളമേറിയതായിരുന്നു. 8,000 കിലോ മീറ്റര്‍ വരെ. ഫ്‌ളോറിഡയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്കുള്ള ദൂരത്തിന്റെ ഇരട്ടി.


രണ്ട് പര്‍വത ശ്രേണികളും ഇല്ലാതാകുന്നതിനിടെ ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ ജലചക്രത്തിലൂടെ കടലിലേക്ക് വലിയ അളവില്‍ വന്നെന്ന് ഗവേഷകര്‍ പറയുന്നു. മണ്ണൊലിപ്പ് സംഭവിക്കുമ്പോള്‍ ഈ പോഷക ചോര്‍ച്ചയ്ക്കിടെ പര്‍വതങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഓക്‌സിജന്‍ പുറപ്പെടുവിച്ചതും ഭൂമിയെ സങ്കീര്‍ണ്ണമായ ജീവ പരിണാമത്തിന് പറ്റിയ ഇടമാക്കി. നൂന സൂപ്പര്‍മൗണ്ടിന്റെ രൂപീകരണവും ഭൂമിയിലെ ആദ്യത്തെ 'യൂക്കറിയോട്ടിക് 'സെല്ലുകളുടെ ഉദ്ഭവവുമായി പൊരുത്തം കണ്ടെത്തുന്നുമുണ്ട് ഗവേഷകര്‍. അക്കാലത്തുദ്ഭവിച്ച ഒറ്റ ന്യൂക്ലിയസ് അടങ്ങിയ കോശങ്ങള്‍ ഒടുവില്‍ ഫംഗസുകള്‍, സസ്യങ്ങള്‍, മൃഗങ്ങള്‍ എന്നിവയായി പരിണമിച്ചു. അതേസമയം, '575 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം പ്രാപിച്ചുവന്ന ആദ്യത്തെ വലിയ മൃഗങ്ങളുടെ പരിണാമവുമായും 45 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ കേംബ്രിയന്‍ സ്‌ഫോടനവുമായും ട്രാന്‍സ്‌ഗോണ്ട്വാനന്‍ സൂപ്പര്‍മൗണ്ടന്‍ യോജിക്കുന്നു,' ഷു പറഞ്ഞു.

ഏകദേശം 1.7 ബില്യണ്‍ മുതല്‍ 750 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഇത്തരത്തിലുള്ള പര്‍വത രൂപീകരണം നിലച്ചതായി കണ്ടെത്തിയ മുന്‍ പഠനങ്ങളും സംഘം സ്ഥിരീകരിച്ചു.ഇതോടെ കടലിലെ ജീവ പരിണാമ പ്രക്രിയയ്ക്കും മാന്ദ്യം വന്നു തുടങ്ങിയതായി ലൈവ് സയന്‍സ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമുദ്രങ്ങളിലേക്ക് പുതിയ പോഷകങ്ങള്‍ ചോര്‍ന്നൊലിക്കുന്നത് നിന്നതോടെ കടല്‍ജീവികള്‍ 'പട്ടിണി'യിലാകുകയും അവയുടെ പരിണാമം തടസ്സപ്പെടുകയും ചെയ്തിരിക്കാമെന്ന് ചില ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.

സൂപ്പര്‍ പര്‍വതങ്ങളും ഭൂമിയിലെ സൂപ്പര്‍ ചാര്‍ജ്ജ് ചെയ്ത പരിണാമവും തമ്മില്‍ ദൃഢ ബന്ധം ചേര്‍ക്കുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണെങ്കിലും, നമ്മുടെ ഗ്രഹത്തിന്റെ ഏറ്റവും ഉല്‍പ്പാദനക്ഷമമായ ജൈവിക കുതിച്ചുചാട്ടം യഥാര്‍ത്ഥത്തില്‍ ചില ഭീമാകാരമായ പര്‍വതങ്ങളുടെ നിഴലിലാണ് സംഭവിച്ചതെന്ന് പഠനം ഏറെക്കുറെ സ്ഥിരീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.