കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാനൊരുങ്ങി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ പുറത്തുവന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലാണ് ഇ.ഡി ആദ്യം പരിശോധിക്കാന്‍ ഒരുങ്ങുന്നത്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ ഹൈക്കോടതിയെ അറിയിക്കുന്നതും കേന്ദ്ര ഏജന്‍സികളുടെ ആലോചനയിലുണ്ട്. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ അപ്പീലില്‍ അറിയിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം.
സ്വര്‍ണക്കടത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ കസ്റ്റംസ് പരിശോധിക്കും. സ്വപ്നയുടെ രഹസ്യമൊഴിയില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ തീവ്രവാദിയാക്കി എന്‍.ഐ.എയെ വരുത്തി തന്നെ ജയിലിലടച്ചതിന് പിന്നില്‍ ശിവശങ്കറിന്റെ ബുദ്ധിയായിരുന്നുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നത് സത്യമാണെന്നും ബാഗേജില്‍ എന്തായിരുന്നുവെന്ന് അറിഞ്ഞുകൊണ്ടാണ് ശിവശങ്കര്‍ ഇടപെട്ടതെന്നും ചാനല്‍ അഭിമുഖത്തില്‍ സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
ജയിലില്‍ നിന്നു പുറത്തുവന്ന ശബ്ദരേഖ തിരക്കഥയുടെ ഭാഗമായിരുന്നുവെന്നു സ്വപ്ന തുറന്നു പറഞ്ഞു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് സ്വപ്ന രംഗത്തു വന്നത്.
സ്വപ്ന ചതിച്ചതാണെന്നും സ്വര്‍ണക്കള്ളക്കടത്ത് അറിയില്ലെന്നുമാണ് ശിവശങ്കറിന്റെ പുസ്തകത്തില്‍ പറയുന്നത്. ഇതോടെയാണ് കടുത്ത ആരോപണങ്ങളുമായി സ്വപ്ന ചാനലുകള്‍ക്ക് മുന്നിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.