തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മന്ത്രി ബിന്ദുവിനെതിരായ പരാതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയെ കൂടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയല്‍ ചെയ്തിട്ടും അത് പരിഗണിക്കാതെയാണ് ലോകായുക്ത വിധി പ്രഖ്യാപനം നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു.
വിധി പ്രഖ്യാപനത്തിനു ശേഷം തന്റെ പരാതി കേള്‍ക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ചട്ടങ്ങള്‍ പാടേ അവഗണിച്ച് നടത്തുന്ന ഏത് ശുപാര്‍ശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകയുക്തയില്‍ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് മന്ത്രി ബിന്ദു ശുപാര്‍ശ ചെയ്തുവെന്നതില്‍ മന്ത്രിക്കോ ലോകായുക്തയ്ക്കോ തര്‍ക്കമില്ല.
മന്ത്രിയുടെ പ്രസ്തുത ശുപാര്‍ശ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും മതിയായ തെളിവാണ്. വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്.
ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ലോകായുക്ത വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.