ബീജിംഗ്:
ചൈനയുമായുള്ള ദൃഢ ബന്ധം ഇസ്ലാമാബാദിന്റെ വിദേശനയത്തിന്റെ അടിസ്ഥാനമാണെന്ന് വ്യക്തമാക്കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ ദിവസം ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങുമായി ഇമ്രാന്‍ ഖാന്‍ നടത്തിയ കൂടിക്കാഴ്ചയുടെ അനുബന്ധമായുള്ള പ്രസ്താവനയില്‍ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ ചര്‍ച്ച ചെയ്തതായി അറിയിച്ചു.
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, കശ്മീര്‍, ലഡാക്ക് തുടങ്ങി ഇന്ത്യക്കു കനത്ത ഉത്ക്കണ്ഠയുള്ള വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ പോന്ന ആശയവിനിമയങ്ങളാണ് ഇമ്രാന്‍ ഖാനും ചൈനീസ് തേതാക്കളുമായി നടന്നതെന്ന് വ്യക്തമാക്കുന്നതാണ് സംയുക്ത പ്രസ്താവനയെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തായ് വാന്‍, ദക്ഷിണ ചൈനാ കടല്‍, ഹോങ്കോങ്, സിന്‍ജിയാങ്, ടിബറ്റ് വിഷയങ്ങളില്‍ ചൈനയ്ക്കുള്ള പിന്തുണ പാകിസ്താന്‍ അറിയിച്ചിട്ടുണ്ട്. പാകിസ്താന്റെ പരമാധികാരവും, സുരക്ഷയും നിലനിര്‍ത്താനാവശ്യമായ സഹായങ്ങള്‍ ചൈന നല്‍കുന്നതായും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ബീജിംഗ് വിന്റര്‍ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കൂടിയാണ് ഇമ്രാന്‍ ഖാന്‍ ചൈനയിലെത്തിയത്. സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എസും സഖ്യകക്ഷികളും നയതന്ത്രപരമായി ബഹിഷ്‌കരിച്ചെങ്കിലും വിന്റര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചതിന് ചൈനീസ് നേതൃത്വത്തെ ഖാന്‍ പ്രശംസിച്ചു.അദ്ദേഹത്തിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച്, സാമ്പത്തിക, സാങ്കേതിക, വ്യവസായം, നിക്ഷേപം, അടിസ്ഥാന സൗകര്യം, ബഹിരാകാശം, വാക്‌സിന്‍, ഡിജിറ്റലൈസേഷന്‍, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ മേഖലകളിലെ ഉഭയകക്ഷി സഹകരണം ഉള്‍ക്കൊള്ളുന്ന നിരവധി ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പാകിസ്താന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സഹായിച്ചെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഷി ജിന്‍ പിങ്ങിന്റെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് അഭിനന്ദനാര്‍ഹമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സൗഹൃദവും ഏറെ മികച്ചതാണ്. ചൈനയുമായുള്ള സൗഹൃദത്തിന് പാക് ജനതയുടെ ഉറച്ച പിന്തുണയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.60 ബില്യണ്‍ യുഎസ് ഡോളറിന്റെ സിപിഇസി നിക്ഷേപ പദ്ധതിക്ക് കീഴില്‍ പാകിസ്ഥാനുമായി ചൈന അടുത്ത സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.കശ്മീര്‍ പ്രശ്‌നം ശരിയായും സമാധാനപരമായും പരിഹരിക്കാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉള്‍പ്പെടെയുള്ള ചൈനീസ് നേതൃത്വം ആഹ്വാനം ചെയ്തതായും ഖാന്‍ പറഞ്ഞു.
ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) പണികള്‍ മന്ദഗതിയിലായതിലും ചൈനയില്‍ ജോലി ചെയ്യുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളിലും ബീജിംഗിന്റെ വര്‍ദ്ധിച്ചുവരുന്ന ആശങ്ക ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തന്റെ നാല് ദിവസത്തെ ചൈന സന്ദര്‍ശനത്തിലൂടെ സാധ്യമായെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു.സിപിഇസിയുടെ ആഴത്തിലുള്ള വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രധാന പദ്ധതികള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനും പാകിസ്ഥാനുമായി കൈകോര്‍ക്കാന്‍ ചൈന തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ ത്യാഗങ്ങളും ശ്രമങ്ങളും ചൈന അംഗീകരിക്കുന്നുവെന്നും, ഭീകരതയ്ക്കെതിരായ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും പോരാടാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും ആവര്‍ത്തിച്ച് ഉറപ്പിച്ചെന്നും ചൈന-പാകിസ്ഥാന്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. പാക്കിസ്ഥാന്റെയും ചൈനയുടെയും സായുധ സേനകള്‍ തമ്മിലുള്ള സഹകരണത്തിന് വിവിധ തലങ്ങളില്‍ ആക്കം തുടരാന്‍ ഇരുപക്ഷവും സമ്മതിച്ചുവെന്നും അതില്‍ പറയുന്നു.
യുദ്ധ ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍, ഏറ്റവും പുതിയ നാവിക യുദ്ധക്കപ്പലുകള്‍ എന്നിവ നല്‍കി പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരായി ചൈന ഉയര്‍ന്നു കഴിഞ്ഞു.'പാകിസ്ഥാനും ചൈനയും തമ്മിലുള്ള ശക്തമായ പ്രതിരോധ, സുരക്ഷാ സഹകരണം മേഖലയിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും പ്രധാന ഘടകമാണെന്ന് നേതാക്കള്‍ അടിവരയിട്ടു'- സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഖാനുമായുള്ള കൂടിക്കാഴ്ചയില്‍, ചൈനയും പാകിസ്ഥാനുമിടയിലുള്ള ബന്ധത്തില്‍ 'ഉറച്ച ആത്മവിശ്വാസം' വേണമെന്ന് ഷി പറഞ്ഞത്രേ. 'എല്ലാ ഭീഷണികളില്‍ നിന്നും നിഷേധാത്മകമായ പ്രചരണങ്ങളില്‍ നിന്നും സിപിഇസിയെ സംരക്ഷിക്കാനുള്ള ശക്തമായ ദൃഢനിശ്ചയം ഇരുപക്ഷവും പ്രകടിപ്പിച്ചു' എന്നും സംയുക്ത പ്രസ്താവനയിലുണ്ട്.
കയ്യേറ്റ ഭൂമിയില്‍ സാമ്പത്തിക ഇടനാഴി
പാക്കിസ്ഥാനിലെ ചൈനീസ് പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്താനുള്ള പ്രതിജ്ഞാബദ്ധത പാകിസ്ഥാന്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു.ഉദ്യോഗസ്ഥര്‍ക്കു സംരക്ഷണം ഉറപ്പാക്കും. പാകിസ്ഥാന്‍ സ്വീകരിച്ച നടപടികളെ ചൈന അഭിനന്ദിച്ചതായും സംയുക്ത പ്രസ്താവനയിലുണ്ട്.സിപിഇസിയില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പേര്‍ക്കു നേരെയുള്ള നിരവധി ആക്രമണങ്ങള്‍ കണക്കിലെടുത്ത് അവര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ചൈന പാകിസ്ഥാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
ദേശീയ സ്വാതന്ത്ര്യം, പരമാധികാരം, അന്തസ്സ് എന്നിവ സംരക്ഷിക്കുന്നതിലും ഭീകരതയ്ക്കെതിരെ പോരാടുന്നതിലും ചൈന പാക്കിസ്ഥാനെ ശക്തമായി പിന്തുണയ്ക്കുമെന്ന് ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ ഷി പറഞ്ഞതായി ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.'പ്രാദേശിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലെ ശാശ്വതമായ സമാധാനം, സ്ഥിരത, സമൃദ്ധി പങ്കിടല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ചര്‍ച്ച തുടരേണ്ടതിന്റെയും തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യം നേതാക്കള്‍ ഊന്നിപ്പറഞ്ഞു,'
ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പാകിസ്ഥാന്‍ ചൈനീസ് പക്ഷത്തോടു വിശദീകരിച്ചു. കാശ്മീര്‍ പ്രശ്‌നം ചരിത്ര പ്രധാനമായ തര്‍ക്കമാണെന്ന് ചൈനീസ് ഭാഗം ആവര്‍ത്തിച്ചു. യുഎന്‍ ചാര്‍ട്ടര്‍, പ്രസക്തമായ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങള്‍, ഉഭയകക്ഷി കരാറുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ശരിയായും സമാധാനപരമായും പരിഹാരമുണ്ടാകണം.സാഹചര്യം സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികളെ ചൈന എതിര്‍ക്കുന്നു.
നേരത്തെ, പാകിസ്ഥാനും ചൈനയും സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ ജമ്മു കാശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇന്ത്യ ശക്തമായി നിരസിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശവും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഇടങ്ങളാണെന്നും അവകാശപ്പെട്ടു.2021 ജൂലൈയില്‍, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇരു രാജ്യങ്ങളുടെയും പ്രസ്താവനയില്‍ 'ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി' എന്ന് നടത്തുന്ന പരാമര്‍ശത്തെ എതിര്‍ത്തിരുന്നു. ഇത് പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശമാണെന്ന് ബാഗ്ചി പറഞ്ഞു.
'മുന്‍കാലങ്ങളിലേതുപോലെ, ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഇത്തരം ഏത് പരാമര്‍ശവും ഇന്ത്യ നിരാകരിക്കുന്നു. ജമ്മു കശ്മീരും കേന്ദ്രഭരണ പ്രദേശമായ ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്,' ബാഗ്ചി ചൂണ്ടിക്കാട്ടി. സിപിഇസി എന്നറിയപ്പെടുന്നത് ഇന്ത്യയുടെ പ്രദേശത്താണെന്ന് ഇന്ത്യ ചൈനയെയും പാകിസ്ഥാനെയും പല തവണ അറിയിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞിരുന്നു.
'പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി മാറ്റാനുള്ള മറ്റ് രാജ്യങ്ങളുടെ ശ്രമങ്ങളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു, കൂടാതെ പാകിസ്ഥാന്‍ അതിന്റെ നിയമവിരുദ്ധ അധിനിവേശത്തിന്‍ കീഴിലുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ ഭൗതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നു. അത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ബന്ധപ്പെട്ട കക്ഷികളോട് ആവശ്യപ്പെടുന്നു,' അദ്ദേഹം പറഞ്ഞു. .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.