പാലക്കാട്: കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ലഫ്. കേണല്‍ ഹേമന്ത് രാജ് ഉള്‍പ്പെടെ 24 പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് ബാബുവിന്റെ രക്ഷാദൗത്യത്തിനു മലമ്പുഴയില്‍ എത്തിയത്. സംഘാംഗങ്ങളെല്ലാം പര്‍വതാരോഹണത്തില്‍ ഉള്‍പ്പെടെ പരിശീലനം നേടിയവരായതിനാല്‍ കാര്യമായ പ്രതിസന്ധികള്‍ ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി മുന്നൊരുക്കങ്ങള്‍ നടത്തിയാണു മലമ്പുഴയിലേക്കു തിരിച്ചത്.
അതേസമയം പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണിരുന്നു. ഭാഗ്യത്തിന്റെ കൈ അപ്പോഴും ബാബുവിനെ കാക്കുകയായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ അവിടെ എത്തിപ്പെടുന്നതിലെ പ്രയാസമൊഴിച്ചാല്‍ തങ്ങളെ സംബന്ധിച്ചിടത്തോളം സര്‍വസാധാരണമായ ദൗത്യമായിരുന്നു മലമ്പുഴയിലേതെന്ന് ഹമന്ത് രാജ് പറഞ്ഞു. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെ സ്ഥിരമായി ഇത്തരം ദൗത്യത്തില്‍ ഏര്‍പ്പെടുന്നവരാണെന്നും രക്ഷാദൗത്യത്തില്‍ പങ്കാളിയായ മദ്രാസ് റജിമെന്റ് സെന്ററിലെ ഹേമന്ത് രാജിന്റേതാണ് ഈ വാക്കുകള്‍.
ബാബു കുടുങ്ങിക്കിടന്ന പ്രദേശത്തെപ്പറ്റി മുന്‍പരിചയമില്ലാത്തതിനാല്‍ ഗൂഗിള്‍ മാപ് ഉപയോഗിച്ചു പഠനം നടത്തി. ഹേമന്ദ് രാജ് 2018 ലെ പ്രളയകാലത്തും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു. 2019ല്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു.
ബാബുവിനെ ജീവിതത്തിലേക്കു നയിച്ച വിരല്‍സ്പര്‍ശം ബാലയുടേതായിരുന്നു. പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ വടത്തിലൂടെ ഇറങ്ങി രക്ഷിച്ചത് ഊട്ടി വെല്ലിങ്ടനിലെ സൈനികനായ ബി.ബാലകൃഷ്ണനാണ് (ബാല). ബാബുവിനു വെള്ളം നല്‍കിയതും ബാല തന്നെയാണ്. മുകളിലെത്തിയ ബാബു, ബാലയ്ക്കു മുത്തം നല്‍കുന്ന വീഡിയോ വൈറലായിരുന്നു. ഇന്ത്യന്‍ സൈനികര്‍ക്കു ബാബു ജയ് വിളിക്കുന്നുമുണ്ട്. 'ബാബുവിന്റെ ജീവനായിരുന്നു ഞങ്ങള്‍ക്കു പ്രധാനം, ഒപ്പം, അവന്റെ മനോധൈര്യത്തെ അഭിനന്ദിക്കുന്നു' എന്നായിരുന്നു ബാലയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.