കരിനിഴൽ വീഴ്ത്തുന്ന കരട് നിയമം

കരിനിഴൽ വീഴ്ത്തുന്ന കരട് നിയമം

പാലക്കാട്: കേരളത്തിലെ മലയോരകർഷകരുടെ പ്രതീക്ഷയുടെമേൽ കരിനിഴൽ വീഴ്ത്തുന്നതാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ച കരട് വിജ്ഞാപനം. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും വായു പരിധിയിൽ ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയായി (Eco sensitive Zone) പ്രഖ്യാപിക്കുന്നതിന് വഴിയൊരുക്കുകയാണ്. കർഷകരെയും കാർഷിക പ്രവർത്തികളെയും ഒരുപോലെ ബാധിക്കുന്നതും കാലക്രമേണ ഇല്ലാതാക്കുന്നതു മാണ് ഈ വിജ്ഞാപനം. വനം പരിസ്ഥിതി മന്ത്രാലയം മനുഷ്യർക്ക് ഉപകാരപ്പെടുന്ന നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല, അവർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും കർഷക കർഷകദ്രോഹമാകുന്നു എന്ന പൊതുസ്വഭാവമാണ് മേൽപ്പറഞ്ഞ കരട് വിജ്ഞാപനത്തിലും ഉള്ളത്. 

 ഇത് എങ്ങനെ കർഷകദ്രോഹപരമാകുന്നു എന്നു നോക്കാം. പരിസ്ഥിതിലോലമായി കണക്കാക്കുന്ന പ്രദേശത്ത് എല്ലാത്തരം നിയന്ത്രണങ്ങളും വരുന്നു എന്നതാണ് ഏറ്റവും ഗൗരവകരം.

 ഈ പ്രദേശത്ത് യാതൊരുവിധ വാണിജ്യ സ്ഥാപനങ്ങളും അനുവദിക്കില്ല; ചെറുകിട കച്ചവടക്കാരുടെ കടമുറി പോലും. വീട് നിർമാണത്തിന് പ്രദേശത്തിന്റെ ഉത്തരവാദിത്വമുള്ള D.F.O യുടെ അനുവാദം വാങ്ങണം. വനംവകുപ്പ് അനുവദിച്ചാൽ നിയന്ത്രണങ്ങളും നിബന്ധനകളും പാലിച്ചു വീട് നിർമിക്കാം. അടിസ്ഥാനസൗകര്യവികസനത്തിന് പരിസ്ഥിതിലോല മേഖലയിൽ കടുത്ത നിയന്ത്രണങ്ങളാണ് വരാൻ പോകുന്നത്. പുതിയ റോഡുകളുടേയോ മറ്റ് അനുബന്ധ സംവിധാനങ്ങളുടേയോ വികസനം മേഖലകൾക്ക് അന്യമാകും. നിലവിലുള്ള റോഡുകൾ ബലപ്പെടുത്തുകയോ, സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്തുകയോ ഇല്ല. അറ്റകുറ്റപ്പണികൾക്ക് വനംവകുപ്പിന്റെ ഔദാര്യവും അനുവാദവും ആവശ്യമായിവരും.

 ഒരു കിലോമീറ്റർ വായു പരിധിയിൽ യാതൊരുവിധ സ്ഥാപനങ്ങളെയും കരട് വിജ്ഞാപനം അനുവദിക്കുന്നില്ല. ആതുരാലയങ്ങൾ ആരാധനാലയങ്ങൾ തുടങ്ങി വിദ്യാഭ്യാസസ്ഥാപനങ്ങൾ വരെ വിലക്കിന്റെ പട്ടികയിൽപ്പെടും. പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതും, മൊബൈൽ ടവർ സ്ഥാപിക്കുന്നതും നിരോധിക്കപ്പെടും.

 പ്രദേശത്തെ കൃഷിയിടങ്ങളിൽ വന്യജീവികൾ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കർഷകർ രാസവളം, കീടനാശിനി എന്നിവ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കും. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന കർഷകരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യുവാൻ നിയമം അനുവദിക്കും. കൃഷിസ്ഥലത്തെ മരങ്ങൾ മുറിക്കാനോ, ചില്ലകൾ നീക്കം ചെയ്യാനോ, കൃഷിയിടത്തിൽ ഒടിഞ്ഞുവീണ മരം നീക്കം ചെയ്യാനോ കർഷകർക്ക് അനുവാദം ഉണ്ടാകില്ല. ഇത്തരം പ്രദേശങ്ങളിലെ സ്ഥലങ്ങൾ വിൽക്കുവാനോ സ്ഥലത്തിന്റെ പോക്കുവരവ് നടത്തുവാനോ കർഷകന് കഴിയില്ല. ഈ പ്രദേശങ്ങളിലെ കർഷകർക്ക് ബാങ്കുകൾ വിവിധ തരം വായ്പ നൽകുന്നത് നിർത്തലാക്കുകയും, കർഷകന്റെ മക്കൾക്കുള്ള വിദ്യാഭ്യാസ വായ്പ വരെ നല്കാതിരിക്കുന്ന സാഹചര്യം തീർച്ചയായും ഉണ്ടാവുകയും ചെയ്യും. ചുരുക്കത്തിൽ കർഷകന്റെ നിലനിൽപ്പ് തന്നെ ഭയാനകമാംവിധം അപകടത്തിൽ ആക്കുന്നതാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ പരിസ്ഥിതി ലോല പ്രദേശത്തെ സംബന്ധിച്ച കരട് വിജ്ഞാപനം.

 പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്: ഓരോ ജില്ലയിലും (വന്യജീവി സങ്കേതങ്ങളോട് ചേർന്ന്) വിജ്ഞാപനമിറങ്ങി കഴിഞ്ഞാൽ 60 ദിവസത്തിനുള്ളിൽ ജനങ്ങളുടെ അഭിപ്രായം അറിയിക്കാൻ അവസരം ഉണ്ട്. ഈ അവസരം ഓരോ വ്യക്തിയും കൃത്യമായി പ്രയോജനപ്പെടുത്തണം. അതാതു പ്രദേശത്തെ ജനങ്ങൾ ഒപ്പിട്ട ഭീമഹർജികൾ സർക്കാരിന് സമർപ്പിക്കണം. അതാത് പ്രദേശത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടുകയും ഈ കരട് വിജ്ഞാപനം നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കുകയും, അത് ഉത്തരവാദിത്തപ്പെട്ടവരിൽ എത്തിക്കുകയും വേണം.

ഇത് വനാതിർത്തിയിൽ മാത്രം താമസിക്കുന്നവരെ ബാധിക്കുന്ന ഒരു പ്രശ്‌നമായി കാണരുത്. കാരണം, ഒരു കിലോമീറ്റർ കഴിഞ്ഞാൽ ശുപാർശ ചെയ്തിരിക്കുന്നത് അടുത്ത് ഒരു കിലോമീറ്റർ കൂടിയാണ്. വനാതിർത്തിയിൽ താമസിക്കുന്നവർ യഥാർത്ഥത്തിൽ വന്യ ജീവി ആക്രമണത്തിൽ നിന്ന് നാടിനെ സംരക്ഷിക്കുന്ന പരിചയാണ്, ഈ പരിച ക്ഷയിക്കുമ്പോൾ നാടിന്റെ നാശമാണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ നാം വൈകിക്കൂടാ. നാടിന്റെ നിലനിൽപ്പിനും അതിജീവനത്തിനുമുള്ള കരുതലും, ജാഗ്രതയും നാം ഓരോരുത്തരും പ്രത്യേകമായി കാണിക്കേണ്ട കാലമാണിതെന്ന് തിരിച്ചറിഞ്ഞ് ജാഗ്രത്താകേണ്ട കാലമാണിത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.