ന്യൂഡല്‍ഹി/കൊച്ചി :ചൈനീസ് സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ അധ്യാപനത്തിലൂടെ നടത്തുന്ന എം.ബി.ബി.എസ് കോഴ്സുകള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമുണ്ടാവില്ലെന്നു വ്യക്തമാക്കി മെഡിക്കല്‍ കമ്മീഷന്‍. പ്രവേശനത്തിന് അപേക്ഷിക്കും മുന്‍പ് ചൈനീസ് സര്‍വകലാശാലകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തിയിരിക്കണമെന്ന മുന്നറിയിപ്പുമുണ്ട് ഇതോടൊപ്പം.
വരുന്ന അദ്ധ്യയന വര്‍ഷത്തേക്കുള്ള എംബിബിഎസ് കോഴ്സുകളിലേക്ക് ചൈനയിലെ വിവിധ സര്‍വകലാശാലകള്‍ അഡ്മിഷന്‍ ക്ഷണിച്ച സാഹചര്യത്തിലാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശം. എന്‍എംസി സെക്രട്ടറി സന്ധ്യ ഭുള്ളാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഇന്ത്യയില്‍ നിന്നു പോയ വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിവരാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും എന്‍.എം.സി അറിയിച്ചു.നിയന്ത്രണങ്ങള്‍ കാരണം ചൈനയിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രതിസന്ധിയിലായ അന്താരാഷ്ട്ര, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ആയിരക്കണക്കാണ്.
കോവിഡ് കാലത്തു തിരികെ പോന്നശേഷം തുടര്‍ പ്രവേശന വിസ നിഷേധിക്കപ്പെട്ടതോടെ ചൈനയിലെ മെഡിക്കല്‍ പഠനം അവതാളത്തിലായ മലയാളി വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല. ഡോക്ടര്‍ മോഹം ഉപേക്ഷിക്കേണ്ടി വരുമോയെന്ന ചോദ്യവും അവര്‍ നേരിടുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഓണ്‍ ലൈനില്‍ പഠനം നടക്കുന്നുണ്ടെങ്കിലും പ്രായോഗിക പരിശീലനം കിനാവില്‍ മാത്രം. ഇവിടെ ക്ളിനിക്കല്‍, ലാബ് പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗനിക്കുന്നില്ലെന്ന വിഷമവും അവര്‍ പങ്കുവയ്ക്കുന്നു.
അടച്ചിട്ട മുറിയിലെ പഠനം വിദ്യാര്‍ഥികളെ മാനസികമായും ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് 2500 ലേറെ വിദ്യാര്‍ഥികളാണ് ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് ആകെ 23,000 വിദ്യാര്‍ഥികളുണ്ട്. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്താന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും ചൈന പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലാണ്. അമേരിക്ക, കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നുമുണ്ട്.
ഒന്നര വര്‍ഷത്തിലേറെയായി ഓണ്‍ലൈന്‍ പഠനം മാത്രമാണ് ലഭിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആഴ്ചയില്‍ 12 മണിക്കൂര്‍ ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പ്രയോഗിക പരിശീലനം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു ക്ലാസ് പോലും ലഭിക്കാതെ അവസാന വര്‍ഷത്തിലെത്തിനില്‍ക്കുന്ന 1200 വിദ്യാര്‍ഥികളാണ് കേരളത്തില്‍ നിരാശാ ഗര്‍ത്തത്തിലുള്ളത്.ക്ളിനിക്കല്‍, ലാബ് പരിശീലനം ലഭിക്കാത്ത തങ്ങളുടെ ബാച്ചിനെ സമൂഹം അംഗീകരിക്കുമോ എന്ന കടുത്ത ആശങ്കയുമുണ്ടവര്‍ക്ക്.
മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ ഓണ്‍ലൈന്‍ പഠനം നടത്തുന്ന തങ്ങളില്‍ പലരും കടുത്ത മാനസിക സമ്മര്‍ദത്തിലാണ്.സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളില്‍ ക്ളിനിക്കല്‍, ലാബ് പരിശീലന സൗകര്യം ലഭിച്ചാല്‍ സഹായമാകുമെന്ന് ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഈ വിദ്യാര്‍ത്ഥികളുടെ പ്രശ്നം ഉന്നയിച്ച് ഗാന്ധി ജയന്തി ദിവസം എല്ലാ ജില്ലകളിലും ഗാന്ധി പ്രതിമകള്‍ക്ക് മുമ്പില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
സ്റ്റുഡന്റ് വസയ്ക്ക് ചൈന ഉടനെങ്ങും അനുമതി നല്‍കില്ലെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി. ഒന്നും രണ്ടും മാസത്തേക്ക് അവധിയെടുത്തും തിരിച്ചു പോകാനുള്ള വിമാന ടിക്കറ്റ് എടുത്തുമാണ് പലരും നാട്ടിലെത്തിയത്. എംബിബിഎസിന് മൂന്നാം വര്‍ഷം മുതല്‍ ക്ലിനിക്കല്‍ പഠനം വേണം. കോഴ്സിനു ശേഷം ഹൗസ് സര്‍ജന്‍സി, ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേഷന്‍ (എഫ്എംജി) പരീക്ഷ എന്നിവ പൂര്‍ത്തിയാക്കണം. ഓണ്‍ലൈന്‍ ക്ലാസ് മാത്രം പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്ട്രേഷന്‍ ലഭിക്കില്ല.
ചെലവ് 35 - 45 ലക്ഷം രൂപ
ക്ലിനിക്കല്‍ പഠനത്തിന് അവസരം ഇല്ലാതെ ഓണ്‍ലൈന്‍ ക്ലാസ് തുടരണോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. കോഴ്സ് പൂര്‍ത്തിയാക്കാന്‍ 35 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപ വരെ ചെലവ് വരും. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര, സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചൈനീസ് എംബസിയുമായും സര്‍വകലാശാല അധികൃതരുമായും ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷന്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും ആശാവഹമല്ല പ്രതികരണം.
നീറ്റ് പരീക്ഷയില്‍ നിസ്സാര മാര്‍ക്കിന് ഇവിടെ സീറ്റ് നഷ്ടപ്പെട്ട കുട്ടികളാണിവരെന്ന് ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇന്ത്യയിലെ പ്രൈവറ്റ് കോളേജില്‍ പഠിക്കാന്‍ കോടികള്‍ മുടക്കാനാത്തതുകൊണ്ടാണ് ലോണ്‍ എടുത്ത് വിദേശത്ത് മെഡിക്കല്‍ കോളേജുകളില്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് പ്രൈമറി മെഡിക്കല്‍ ക്വാളിഫിക്കേഷന്‍ ആയ എംബിബിഎസ് പൂര്‍ത്തിയാക്കിയവര്‍ക്ക് അവര്‍ വിദേശത്ത് ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയില്‍ വീണ്ടും ഇന്ത്യന്‍ഷിപ്പ് ചെയ്യേണ്ടതില്ല എന്ന് കേന്ദ്ര സര്‍ക്കാരും എന്‍ എം സിയും ഉത്തരവിറക്കിയിട്ടുണ്ട്. എങ്കിലും കേരളത്തിലെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ടിസിഎംസി നിഷേധിക്കുകയാണ് . അവര്‍ വിലപ്പെട്ട സമയവും പണവും നഷ്ടപ്പെടുത്തി കേരളത്തില്‍ വീണ്ടും ഇന്റേണ്‍ഷിപ്പ് ചെയ്യേണ്ടിവരുന്നു.
വിദേശത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യാത്ത കുട്ടികള്‍ക്ക് കേരളത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് എഫ് എം ജി പരീക്ഷ വിജയിച്ചതിനുശേഷം താല്‍ക്കാലിക രജിസ്ട്രേഷന് ടിസിഎംസിയില്‍ (ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍) അപേക്ഷിച്ച ശേഷം മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. താല്‍ക്കാലിക രജിസ്ട്രേഷന്‍ ലഭിച്ചശേഷം ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് ഹോസ്പിറ്റല്‍ അനുവദിച്ചുകിട്ടുന്നതിനായുള്ള കാലതാമസവും തടസ്സങ്ങളും ഏറെ. സംസ്ഥാനത്തെ ആശുപത്രി സൗകര്യങ്ങള്‍ സമഗ്രമായി ഉപയോഗപ്പെടുത്തിയാല്‍ ഈ പ്രതിസന്ധി മറികടക്കാവുന്നതേയുള്ളൂ എന്ന് അവര്‍ പറയുന്നു.
സൗകര്യമുള്ള എല്ലാ ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അനുവദിക്കുകയേ വേണ്ടൂ. സൗകര്യങ്ങളുള്ള പ്രൈവറ്റ് ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അനുവദിച്ചാല്‍ തന്നെ പ്രശ്നത്തിന് വലിയ തോതില്‍ പരിഹാരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെയും വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികളെയും രണ്ടു തരം പൗരന്‍മാരായി കാണരുതെന്നാണ് ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ അഭ്യര്‍ത്ഥന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.