ബാബു ആശുപത്രി വിട്ടു; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാതാവ് റഷീദ

ബാബു ആശുപത്രി വിട്ടു; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാതാവ് റഷീദ

പാലക്കാട്: മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു ആശുപത്രി വിട്ടു. ബാബു പൂര്‍ണ ആരോഗ്യവാനാണെന്ന് ഡിഎംഒ അറിയിച്ചു. യുവാവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളുമുണ്ടായിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശൂരിലുള്ള ഒരു കൂട്ടം ആളുകളുമെത്തി.

വെള്ളവും ഭക്ഷണവുമില്ലാതെ 43 മണിക്കൂറിലേറെ മലമ്പുഴ കൂര്‍മ്പാച്ചി മലയിടുക്കില്‍ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതല്‍ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തത്.

'ഇത്രയും പെട്ടെന്ന് ഡിസ്ചാര്‍ജാകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു. എല്ലാത്തിനും കൂടെ നിന്നവര്‍ക്കും സൈനികര്‍ക്കും ബിഗ് സല്യൂട്ട്. ബാബുവിന് വേണ്ടി പ്രാര്‍ത്ഥിച്ച സകലരോടും നന്ദി പറയുന്നു. ചോദിക്കാതെ തന്നെ പലരും സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളില്‍ കയറരുതെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ആര്‍ക്കും ഉണ്ടാകാതെ നോക്കണമെന്നും റഷീദ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടര്‍ന്നു. മലയുടെ മുകള്‍ത്തട്ടില്‍ നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 43 മണിക്കൂറിനു ശേഷം സൈന്യവും എന്‍ഡിആര്‍എഫും പോലീസും പര്‍വതാരോഹകരും ചേര്‍ന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.