ഓണ്‍ലൈന്‍ ട്രേഡര്‍, എംഎ, എംബിഎ ബിരുദം; രാജേന്ദ്രന്റെ വിദ്യാഭ്യാസയോഗ്യത കണ്ട് ഞെട്ടി പൊലീസ്

ഓണ്‍ലൈന്‍ ട്രേഡര്‍, എംഎ, എംബിഎ ബിരുദം; രാജേന്ദ്രന്റെ വിദ്യാഭ്യാസയോഗ്യത കണ്ട് ഞെട്ടി പൊലീസ്

തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലപാതക കേസിലെ പ്രതി രാജേന്ദ്രന്റെ വിദ്യാഭ്യാസയോഗ്യതകളടക്കം കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. കൊടും കുറ്റവാളിയാണ് രാജേന്ദ്രന്‍ എന്ന് നേരത്തേ തന്നെ തെളിഞ്ഞതാണ്. 2014ല്‍ അച്ഛനും അമ്മയും മകളുമടക്കം ഒരു കുടുംബത്തെ കൊന്ന് തള്ളിയ രാജേന്ദ്രന്‍ സ്വര്‍ണത്തിനായി മറ്റൊരു കൊലപാതകവും നടത്തിയിട്ടുണ്ട്.

ഇയാളുടെ പശ്ചാത്തലം അന്വേഷിച്ച് പോയ പൊലീസിന് വ്യക്തമായത് ഇയാള്‍ എംഎ എക്കണോമിക്‌സ് ബിരുദധാരിയാണെന്നാണ്. അതിന് ശേഷം ഓണ്‍ലൈനായും വിദൂര വിദ്യാഭ്യാസ കോഴ്‌സിലൂടേയും എംബിഎ ബിരുദവും നേടി. മോഷ്ടിച്ചതടക്കം കിട്ടിയ പണം ഉപയോഗിച്ച് ഇയാള്‍ സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിംങ് നടത്താറുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

അമ്പലമുക്കില്‍ ജോലിക്ക് നിന്നിരുന്ന കടയില്‍ വച്ച് വിനിതയെ കൊന്ന ശേഷം മോഷ്ടിച്ച മാല വിറ്റ് കിട്ടിയ തുക നിക്ഷേപിച്ചതും ഓണ്‍ലൈന്‍ ട്രേഡിംഗിലാണ്. കന്യാകുമാരിയില്‍ പോയി മാല പണയം വച്ച് കിട്ടിയത് മുപ്പത്തിരണ്ടായിരം രൂപയാണ്. അതും ഓണ്‍ലൈന്‍ ട്രേഡിംങിന് ഉപയോഗിക്കുകയായിരുന്നു. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള രാജേന്ദ്രന്‍ എന്തിനാണ് പേരൂര്‍ക്കടയിലെ ചായക്കടയില്‍ ജോലിക്ക് നിന്നതെന്നതിന് പൊലീസിനും കൃത്യമായ ഉത്തരമില്ല.

ആദ്യമൊന്നും തമിഴ്‌നാട് തോവാള വെള്ള മഠം സ്വദേശിയായ രാജേന്ദ്രന്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഒരു തരി പോലും സഹകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് താന്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും, കൊലപാതകശ്രമങ്ങളെക്കുറിച്ചും, മോഷണങ്ങളെക്കുറിച്ചും രാജേന്ദ്രന്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാജേന്ദ്രന്‍ ഇതിന് മുമ്പ് നടത്തിയ കൊലപാതകങ്ങളുടെ വിവരങ്ങളും കേരളാ പൊലീസിന് ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.