ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ച് റഷ്യ; വിമാനങ്ങള്‍ നിര്‍ത്തി; ചര്‍ച്ചകളില്‍ പ്രതീക്ഷ

ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ച് റഷ്യ; വിമാനങ്ങള്‍ നിര്‍ത്തി; ചര്‍ച്ചകളില്‍ പ്രതീക്ഷ

കീവ്: ഉക്രെയ്‌നില്‍ ദിവസങ്ങള്‍ക്കുള്ളില്‍ റഷ്യന്‍ അധിനിവേശത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ സമാധാനശ്രമങ്ങള്‍ക്കുള്ള ആഹ്വാനവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. റഷ്യയുമായും നാറ്റോ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്താന്‍ ഉക്രെയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ വന്‍ തോതില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കാനുള്ള അഭ്യര്‍ത്ഥന റഷ്യ അവഗണിച്ചതായി ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. റഷ്യയുടെ പദ്ധതി എന്താണെന്നു വ്യക്തമാക്കാന്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ യോഗം ചേരണമെന്നാണ് ഉക്രെയ്‌ന്റെ അഭ്യര്‍ഥന.

പ്രശ്‌നത്തിനു നയതന്ത്ര പരിഹാരം മാത്രമേയുള്ളുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും വ്യക്തമാക്കികഴിഞ്ഞു. ചര്‍ച്ചകള്‍ക്കായി ജര്‍മനിയുടെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഉക്രെയ്‌നും റഷ്യയും സന്ദര്‍ശിക്കും. റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തും.

ഉക്രെയ്‌നുമായി യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും അതിര്‍ത്തികളില്‍ സൈനിക സന്നാഹം വീണ്ടും റഷ്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ബെലാറസ്, ക്രീമിയ, പടിഞ്ഞാറന്‍ റഷ്യ എന്നിവിടങ്ങളിലെ സൈനിക വിന്യാസത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മേഖലയില്‍ 130,000-ത്തിലധികം റഷ്യന്‍ സൈനികരാണ് നിലയുറപ്പിച്ചിട്ടുള്ളത്.

യു.എസ് സ്വകാര്യ കമ്പനിയായ മാക്‌സര്‍ ടെക്‌നോളജീസാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റഷ്യയുടെ സൈനിക വിന്യാസം നിരീക്ഷിച്ചു വരുകയാണ് മാക്‌സര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ റഷ്യയിലെ Oktyabrskoye വ്യോമതാവളത്തിലെ സൈനികരടക്കമുള്ള സന്നാഹത്തിന്റെ ദൃശ്യങ്ങള്‍ കാണാം.

ക്രിമിയയിലെ സിംഫെറോപോളിന് വടക്കുള്ള ഉപേക്ഷിക്കപ്പെട്ട ഈ വ്യോമതാവളത്തില്‍ 550ലേറെ സൈനികകൂടാരങ്ങളും നൂറുകണക്കിന് വാഹനങ്ങളും പുതുതായി എത്തിച്ചിട്ടുണ്ട്. ഡൊനുസ്ലാവ് തടാകത്തിന്റെ തീരത്തുള്ള നൊവോസെര്‍നോയിക്ക് സമീപത്തും സമാനമായി കൂടുതല്‍ സൈനികരെയും യുദ്ധസാമഗ്രികളും എത്തിച്ചിട്ടുണ്ട്. ഇവിടെ പീരങ്കിപ്പടയും ക്യാമ്പ് ചെയ്യുന്നുണ്ട്.

ക്രീമിയന്‍ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തെ സ്‌ലാവ്‌നെ നഗരത്തിന് സമീപത്തും സൈനിക വിന്യാസമുണ്ട്. മുന്‍ സോവിയറ്റ് രാജ്യമായ ബെലാറസില്‍ സംയുക്ത സൈനിക അഭ്യാസങ്ങളും കരിങ്കടല്‍ മേഖലയില്‍ നാവികാഭ്യാസവും റഷ്യ നടത്തുന്നുണ്ട്. ഏതുസമയത്തും ആക്രമണം നടത്താന്‍ റഷ്യ തയാറെടുത്തതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.

ഉക്രെയ്‌നിലേക്ക് വിമാനങ്ങള്‍ നിര്‍ത്തി

യുദ്ധമുണ്ടാകുമോ എന്ന ആശങ്കകള്‍ക്കിടെ, ഉക്രെയ്‌നിലേക്കുള്ള വിമാനസര്‍വിസുകള്‍ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍. ഡച്ച് വിമാനക്കമ്പനിയായ കെ.എല്‍.എം ഉക്രെയ്‌നിലേക്കുള്ള വിമാന സര്‍വിസ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. 2014-ല്‍ മലേഷ്യന്‍ വിമാനം റഷ്യന്‍ പിന്തുണയുള്ള വിമതര്‍ വെടിവെച്ചുവീഴ്ത്തിയതോടെ ഉക്രെയ്ന്‍ വ്യോമപാത ഏറ്റവും അപകടംപിടിച്ച ഒന്നായാണ് നെതര്‍ലന്‍ഡ്‌സ് കണക്കാക്കുന്നത്.

അപകടത്തില്‍ മരിച്ച 298 യാത്രക്കാരില്‍ 198 പേരും ഡച്ച് പൗരന്മാരായിരുന്നു. പോര്‍ചുഗലില്‍നിന്ന് കീവിലേക്കുള്ള വിമാനങ്ങള്‍ മോള്‍ഡോവയുടെ തലസ്ഥാനമായ ചിസിനോവിലേക്ക് തിരിച്ചുവിട്ടതായി ഉക്രെയ്ന്‍ ചാര്‍ട്ടര്‍ വിമാനക്കമ്പനിയായ സ്‌കൈഅപ് അറിയിച്ചു. യുക്രെയ്ന്‍ വ്യോമപാതയിലൂടെയുള്ള വിമാനങ്ങള്‍ക്ക് ചില കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.