'സാങ്കേതിക വിദ്യയിലൂന്നിയാകണം ഇനി ലോക സമാധാന പരിപാലനം': യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ

  'സാങ്കേതിക വിദ്യയിലൂന്നിയാകണം ഇനി ലോക സമാധാന പരിപാലനം': യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ

ന്യൂയോര്‍ക്ക്: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോള സമാധാന പരിശ്രമങ്ങള്‍ കാര്യക്ഷമമാക്കാനുള്ള വിശദ നിര്‍ദ്ദേശങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ (യുഎന്‍എസ്സി) യോഗത്തില്‍ സമര്‍പ്പിച്ച് ഇന്ത്യ.ആധുനിക കാലത്തെ സമാധാന പരിപാലനം സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും ശക്തമായ ആവാസവ്യവസ്ഥയില്‍ നങ്കൂരമിട്ടാകണമെന്ന ആശയത്തിലൂന്നിയുള്ള നിര്‍ദ്ദേശങ്ങളാണ് രക്ഷാ സമതിയിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ആര്‍.രവീന്ദ്രയിലൂടെ ഇന്ത്യ മുന്നോട്ടുവെച്ചത്.

ഐക്യരാഷ്ട്ര രക്ഷാ സമിതി ഇടപെടുന്ന എല്ലാ സമാധാന സേനാ പ്രവര്‍ത്തനങ്ങളിലും കാലോചിതമായ പരിഷ്‌ക്കരണമാണ് വേണ്ടത്. എല്ലാ മേഖലയിലും തന്ത്രപരവും ഫലപ്രദവുമായ സാങ്കേതിക സൗകര്യങ്ങളും ഡിജിറ്റല്‍ സംവിധാനങ്ങളുമാണ് ആവശ്യം. സമാധാന സേനാംഗങ്ങളുടെ സുരക്ഷിതത്വം പരമപ്രധാനമാണ്. പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്കനുസരിച്ച് ഇടപെടാന്‍ രക്ഷാസമിതിക്ക് അതിവേഗം സാധിക്കണം.സമാധാന സേനാംഗങ്ങള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ സ്ഥിതിഗതി എന്തുകൊണ്ടാണ് നിയന്ത്രിക്കാന്‍ സാധിക്കാത്തതെന്ന ചോദ്യവും സമാധാന പരിപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചാ യോഗത്തില്‍ രവീന്ദ്ര ഉന്നയിച്ചു.

ആഗോളതലത്തില്‍ ഏറ്റവുമധികം സമാധാന സേനാംഗങ്ങളെ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ പ്രാരംഭ ഘട്ടം മുതല്‍ ഇന്ത്യന്‍ സൈനികര്‍ സമാധാന സേനയ്്ക്കൊപ്പമുണ്ടെന്നത് അഭിമാനമായി കാണുന്നുവെന്നും രവീന്ദ്ര പറഞ്ഞു.49 ദൗത്യങ്ങളില്‍ രണ്ടര ലക്ഷത്തിലധികം സൈനികരെ വര്‍ഷങ്ങളായി വിന്യസിച്ച യു.എന്‍ സമാധാന പരിപാലനത്തില്‍ ഇന്ത്യയുടെ സജീവ സാന്നിധ്യം എന്നുമുണ്ടായിരുന്നു.

'നീല പതാകയ്ക്ക് കീഴില്‍ സേവനമനുഷ്ഠിച്ച, ധീരരായ 174 ഇന്ത്യന്‍ സൈനികര്‍ വര്‍ഷങ്ങളായി സമാധാന ദൗത്യത്തിനിടെ ജീവത്യാഗം ചെയ്തു. സമാധാന ദൗത്യത്തിലേക്കു സൈനികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ് ഇന്ത്യ.നിലവില്‍ ഒമ്പത് ദൗത്യങ്ങളിലായി 5000-ത്തിലധികം ഉദ്യോഗസ്ഥരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട് '- രവീന്ദ്ര പറഞ്ഞു.യുഎന്‍ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണലിസം, അര്‍പ്പണബോധം, ധൈര്യം എന്നിവയിലൂടെ ഭാഗഭാക്കാകുന്ന എല്ലാ സ്ത്രീപുരുഷന്മാരെയും ഇന്ത്യയുടെ പേരില്‍ അദ്ദേഹം അഭിനന്ദിച്ചു. സമാധാനത്തിനായുള്ള സേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ഇനിയുള്ള നീക്കങ്ങള്‍ യു.എന്‍ സമാധാന പരിപാലനത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള തന്ത്രത്തിന് അനുസൃതമാകണം. സുരക്ഷ, രാഷ്ട്രീയം, സംരക്ഷണം, സമാധാന നിര്‍മ്മാണം,എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയുള്‍പ്പെടെ ആക് ഷന്‍ ഫോര്‍ പീസ് കീപ്പിംഗ് പ്രക്രിയകളിലുടനീളം സാങ്കേതികവിദ്യയുടെ ഉപയോഗം മെച്ചപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രസിഡന്റായിരിക്കെ ഇന്ത്യ, 'സമാധാനപാലനത്തിനുള്ള സാങ്കേതികത' എന്ന വിഷയത്തില്‍ പ്രസിഡന്‍ഷ്യല്‍ പ്രസ്താവന നടത്തിയിരുന്നു. ഈ വിഷയത്തെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ആദ്യത്തെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ രേഖയാണിത് - രവീന്ദ്ര ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.