തിരുവനന്തപുരം: സര്‍ക്കാരിനെ അറിയിക്കാതെ വൈദ്യുതി ബോര്‍ഡില്‍ ശമ്പളവും ആനുകൂല്യങ്ങളും കൂട്ടിയെന്ന ആരോപണം ശരിവയ്ക്കുന്ന രേഖകള്‍ പുറത്ത്. ധനവകുപ്പിന്റെ ഉത്തരവു മറികടന്നു 1200 കോടി രൂപയുടെ ബാധ്യത ഏറ്റെടുത്തതു ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ (എജി) ബോര്‍ഡിനു നല്‍കിയ കത്തിന്റെ പകര്‍പ്പാണു പുറത്തായത്. ധനവകുപ്പ് അറിയാതെയാണു വേതന വര്‍ധന നടപ്പാക്കിയതെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും സമ്മതിച്ചിരുന്നു.
ഡപ്യൂട്ടി എജി എതിര്‍ത്ത സാഹചര്യത്തില്‍ ശമ്പള പരിഷ്‌കരണം നിയമക്കുരുക്കിലാണെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെയര്‍മാന്‍ ബി.അശോക് ഇതു ഫെയ്‌സ് ബുക് കുറിപ്പില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ശമ്പളവര്‍ധന നടപ്പാക്കിയശേഷം സര്‍ക്കാരിന്റെ അനുമതി വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് 2021 ജനുവരി 18ന് ഇറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ ശമ്പള വര്‍ധന നടപ്പാക്കാവൂ എന്നും നിര്‍ദേശിച്ചു. ഇതു പാലിക്കാതെയാണ് 2021 ഫെബ്രുവരി 15നു ചേര്‍ന്ന ബോര്‍ഡ് യോഗം ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും ശമ്പളം 2018 ഓഗസ്റ്റ് ഒന്ന, ജൂലൈ ഒന്ന് എന്നിങ്ങനെ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ മാസം 45.25 കോടിയുടെ അധിക ബാധ്യതയുണ്ടായി.
2021 ഫെബ്രുവരി 26ന് ഇതു സംബന്ധിച്ച ഉത്തരവ് ബോര്‍ഡ് പുറത്തിറക്കി. മാര്‍ച്ച് മുതല്‍ പുതുക്കിയ ശമ്പളം നല്‍കാനായിരുന്നു നിര്‍ദേശം. കുടിശിക ഇനത്തില്‍ 1011 കോടി നല്‍കാനും തീരുമാനിച്ചു. പിന്നീടാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. 1011 കോടിയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ചു സര്‍ക്കാരിനെ അറിയിച്ചില്ല. 2016ലെ ശമ്പള വര്‍ധനയ്ക്കും അനുമതി വാങ്ങിയിരുന്നില്ല.
ബോര്‍ഡിനു 2021 മാര്‍ച്ചില്‍ നഷ്ടം 7160.42 കോടിയായിരുന്നു. ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വാര്‍ഷിക അധിക ബാധ്യത 543 കോടിയും. പെന്‍ഷന്‍ പരിഷ്‌കരണം കൂടിയാകുമ്പോള്‍ നഷ്ടം കൂടും. എന്നാല്‍, ധന, ഊര്‍ജ സെക്രട്ടറിമാര്‍ അംഗങ്ങളായുള്ള ബോര്‍ഡ് യോഗം എടുത്ത തീരുമാനമായതിനാല്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വേണ്ടെന്ന് ബോര്‍ഡിലെ സംഘടനകള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.