വൈദ്യുതി ബില്ലിന്റെ പേരില്‍ തട്ടിപ്പ്; അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 1,10,000 രൂപ

 വൈദ്യുതി ബില്ലിന്റെ പേരില്‍ തട്ടിപ്പ്; അധ്യാപികയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് 1,10,000 രൂപ

ആലപ്പുഴ: വൈദ്യുതി ബില്ലിന്റെ പേരില്‍ അധ്യാപികയുടെ 1,10,000 രൂപ കവര്‍ന്നു. ഓണ്‍ലൈനില് അടച്ച വൈദ്യുതി ബില്‍ത്തുക കിട്ടിയില്ലെന്നു പറഞ്ഞ് ഫോണ്‍ വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. കളര്‍കോട്ടു താമസിക്കുന്ന കോട്ടയം സ്വദേശിനിയായ അധ്യാപികയാണ് തട്ടിപ്പിന് ഇരയായത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ബില്ലടയ്ക്കാനുണ്ടെന്ന സന്ദേശം ഫോണില്‍ വന്നത്. ഉടനെ അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്നായിരുന്നു സന്ദേശം. അധ്യാപിക വിവരം കോട്ടയത്തു ജോലി ചെയ്യുന്ന ഭര്‍ത്താവിനെ അറിയിച്ചു. പുതിയ ബില്‍ കിട്ടിയിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളൂ. എന്നിട്ടും ഇതെങ്ങനെയെന്ന സംശയത്തെത്തുടര്‍ന്ന് സന്ദേശത്തില്‍ കെ.എസ്.ഇ.ബി.യുടേതായി കാണിച്ച നമ്പരിലേക്ക് അധ്യാപിക വിളിച്ചെങ്കിലും കിട്ടിയില്ല. വൈകാതെ തിരികെ വിളി വന്നു. ഇംഗ്ലീഷിലായിരുന്നു സംസാരം.

ബില്ലടച്ചതായി കെ.എസ്.ഇ.ബി.യില്‍ അറിവില്ലെന്നും ചിലപ്പോള്‍ സാങ്കേതിക പ്രശ്‌നം മൂലമാകാം പണം കിട്ടാത്തതെന്നുമായിരുന്നു മറുപടി. അതു പരിശോധിക്കാന്‍ പത്തു രൂപ അയച്ചു നോക്കാനും വിളിച്ചയാള്‍ ആവശ്യപ്പെട്ടു. അതിനായി 'എനി ഡെസ്‌ക് റിമോട്ട്' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും ശേഷം കെ.എസ്.ഇ.ബി.യുടെ സൈറ്റില്‍ക്കയറി ബില്‍ അടയ്ക്കണമെന്നും നിര്‍ദേശിച്ചു. ഉപഭോക്തൃ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിളിച്ചയാള്‍ അധ്യാപികയ്ക്ക് പറഞ്ഞു കൊടുത്തിരുന്നു.

കാര്‍ഡ് ഉപയോഗിച്ചു പണമടയ്ക്കാന്‍ ശ്രമിച്ചെങ്കിലും എസ്.എം.എസ്. വരാഞ്ഞതിനാല്‍ മറ്റൊരു കാര്‍ഡുപയോഗിച്ച് ഒന്നുകൂടി ശ്രമിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു ഡെബിറ്റ് കാര്‍ഡും ഒരു ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ചിട്ടും എസ്.എം.എസ്. വന്നില്ല. അതു പരിശോധിക്കുന്നതിനിടെ ഒരു ഒ.ടി.പി. വന്നു. ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു അത്. അതുസംബന്ധിച്ച് ഫോണില്‍ വിളിച്ചയാളോടു ചോദിക്കുന്നതിനിടെ മറ്റൊരു ഒ.ടി.പി. കൂടി വന്നു. 5,000 രൂപയ്ക്കുള്ളതായിരുന്നു അത്. പരിഭ്രമത്തില്‍ 50,000 എന്നാണു വായിച്ചത്.

50,000 രൂപ ചോദിച്ചുകൊണ്ട് ഒ.ടി.പി. വന്നല്ലോയെന്ന് ഫോണിലുള്ളയാളോടു അധ്യാപിക ചോദിച്ചു. അപ്പോള്‍ 50,000 അല്ലല്ലോ 5,000 അല്ലേ എന്നു മറുചോദ്യം വന്നു. തന്റെ ഫോണില്‍ വന്ന തുക എങ്ങനെയാണു വിളിച്ചയാള്‍ മനസിലാക്കിയതെന്ന സംശയം തോന്നിയതോടെയാണു തട്ടിപ്പാണെന്നു പിടികിട്ടിയത്. ഉടന്‍ ഫോണ്‍ വിച്ഛേദിച്ച് ബാങ്കിലേക്കു വിളിച്ച് കാര്‍ഡ് ബ്ലോക്കു ചെയ്തു. ആ സമയത്തിനിടെ രണ്ടു കാര്‍ഡുകളില്‍ നിന്നായി 1,10,000 രൂപ നഷ്ടപ്പെട്ടു.

സംഭവത്തില്‍ കോട്ടയം പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിനും ബാങ്ക് അധികൃതര്‍ക്കും പരാതി നല്‍കിയതായും അധ്യാപിക പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.