ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ്

ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ്

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 20

ഫ്രാന്‍സിലെ ടൂര്‍ണായിലായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ ജനനം. ക്ലോവിസ് രാജാവിന്റെ പിതാവായ കില്‍ഡെക്കറിന്റെ വാഴ്ചയുടെ അവസാന കാലത്താണ് എലിയൂത്തേരിയൂസ് ജനിച്ചത്.

പ്രാരംഭ കാലഘട്ടത്തിലെ വിശുദ്ധരില്‍ ഒരാളായിരുന്ന പ്ലേട്ടണ്‍ വഴി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു എലിയൂത്തേരിയൂസിന്റെ പിതാവ് ടെറെനൂസും മാതാവ് ബ്ലാന്തായും. 486 ല്‍ എലിയൂത്തേരിയൂസ് ടൂര്‍ണായിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്റെ പ്രബോധനങ്ങള്‍ വഴി ഫ്രാന്‍സിലെ വിഗ്രഹാരാധകരായ പുരോഹിതന്‍മാരും ദൈവ നിഷേധികളും ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

ഒരിക്കല്‍ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി എലിയൂത്തേരിയൂസില്‍ അനുരക്തയായി. എന്നാല്‍ അദ്ദേഹം പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പിന്തിരിപ്പിച്ചു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി രോഗിയാവുകയും അധികം താമസിയാതെ ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലാവുകയും ചെയ്തു. അവളുടെ പിതാവിനോടു ക്രിസ്തുമതം സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണെങ്കില്‍ താന്‍ പെണ്‍കുട്ടിയുടെ രോഗം ഭേദമാക്കാമെന്ന് വിശുദ്ധന്‍ ഉറപ്പ് കൊടുത്തു.

എന്നാല്‍ അവളുടെ അസുഖം ഭേദമായെങ്കിലും പിതാവ് വാക്കുപാലിക്കുവാന്‍ തയ്യാറായില്ല. അതിനാല്‍ വിശുദ്ധ എലിയൂത്തേരിയൂസ് ആ പ്രദേശത്ത് പ്ലേഗ് ബാധ വരുത്തുകയും തന്മൂലം തന്റെ വാഗ്ദാനം പാലിക്കാതിരുന്ന ആ മനുഷ്യന്‍ ഉടന്‍ തന്നെ അനുതപിച്ചു ക്രിസ്തുവില്‍ വിശ്വസിച്ചതായും ഐതിഹ്യമുണ്ട്.

ആ പ്രദേശത്തെ ദൈവ വിരോധികളായ അവിശ്വാസികള്‍ ഏല്‍പിച്ച മുറിവുകള്‍ മൂലമാണ് വിശുദ്ധന്‍ മരണപ്പെട്ടത്. 532 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ മരണം. വിശുദ്ധ എലിയൂത്തേരിയൂസിനെ കുറിച്ചുള്ള ഭൂരിഭാഗം തെളിവുകളും തിരുശേഷിപ്പുകളും 1092 ല്‍ ഉണ്ടായ ഒരു വന്‍ അഗ്‌നി ബാധയില്‍ കത്തി നശിച്ചു പോയി. ഈ വിശുദ്ധന്റേതായി പറയപ്പെടുന്ന പ്രബോധനങ്ങളില്‍ ക്രിസ്തുവിന്റെ അവതാരമെടുക്കലിനേയും ജനനത്തേയും മംഗള വാര്‍ത്തയേയും കുറിച്ചുള്ളവ ഒഴികെയുള്ളതിനൊന്നും മതിയായ ആധികാരികതയില്ല.

ആരാധനയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന രീതിയിലും മുറിവേറ്റ സൈനികര്‍ക്കും പാവങ്ങള്‍ക്കുമിടയില്‍ പൂജ്യവസ്തുവിന്റെ പാത്രവുമേന്തി നില്‍ക്കുന്ന വിശുദ്ധനെ യേശു അനുഗ്രഹിക്കുന്നതായും ചമ്മട്ടികൊണ്ടുള്ള അടിയില്‍ നിന്നും വിശുദ്ധനെ ഒരു മാലാഖ രക്ഷിക്കുന്നതായുമാണ് വിശുദ്ധ എലിയൂത്തേരിയൂസിനെ കലാകാരന്‍മാര്‍ ചിത്രീകരിച്ചിട്ടുള്ളത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സ്‌കൊട്ടിലെ കോള്‍ഗാന്‍

2. അയര്‍ലന്‍ഡിലെ ബോള്‍കാന്‍

3. മേസ്ത്രിക്ട് ബിഷപ്പായ ഫാന്‍കൊ

4. ഓര്‍ലീന്‍സ് ബിഷപ്പായ എവുക്കേരിയൂസ്

5. വിശുദ്ധ ക്ലാരയുടെ സഹോദരീ പുത്രിയായ അമാത്താ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്തു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26